ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടാൻ ഒന്നരവയസ്സ് പ്രായമായ മകനെ അമ്മ ബസ് സ്‌റ്റോപ്പിൽ ഉപേക്ഷിച്ചു

ഹൈദരാബാദ്: ഒന്നരവയസ്സ് പ്രായമായ മകനെ ബസ് സ്‌റ്റോപ്പിൽ ഉപേക്ഷിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി. ഹൈദരാബാദിലെ ബോഡുപ്പൽ സ്വദേശിനിയാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വാഹനത്തിൽ കയറി പോകുകയായിരുന്നു ഇവർ.
ഇന്നലെ നാൽഗൊണ്ട ബസ് സ്‌റ്റാൻഡിൽ വച്ചാണ് സംഭവം. രാവിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവതി കുട്ടിയെ ഉപേക്ഷിച്ച് ഇരുചക്ര വാഹനത്തിലെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നുവെന്ന് ടു ടൗൺസ് എസ്‌ഐ എറ സൈദലു പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.യുവതി പോയതിന് പിന്നാലെ കുട്ടി കരച്ചില്‍ തുടങ്ങി. ഇതോടെയാണ് കുഞ്ഞ് ആര്‍ടിസി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവ ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില്‍ നാൽഗൊണ്ടയിലെ ഹാലിയ സ്വദേശിയായ നരേഷ് എന്ന യുവാവിനൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തി. ബസ് സ്റ്റാന്‍ഡിലെ സിസിടിവിയില്‍ നിന്നും ഇയാളുടെ വാഹനത്തിന്‍റെ നമ്പര്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടര്‍ന്നു. ഇതോടെ ഇരുവരും വണ്‍ ടൗണ്‍ പ്രദേശത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് പിടികൂടുകയും ചെയ്‌തു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് കൗണ്‍സലിങ്ങിന് വിധേയരാക്കി. കുട്ടിയെ സുരക്ഷിതമായി പിതാവിനെയും ഏൽപ്പിച്ചു. യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും എസ്‌ഐ പറഞ്ഞു.