കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം മെമ്പര്‍മാര്‍ !

മധുര: കേരളമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ലെന്ന് അംഗത്വം സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് 500 അംഗങ്ങള്‍ തികച്ചില്ലാത്ത സംസ്ഥാനങ്ങള്‍ പോലുമുണ്ട്. ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയിലും പാര്‍ട്ടി വേരു പിടിക്കുന്നേയില്ല.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം 2021 ല്‍ ഗോവയിലെ പാര്‍ട്ടി അംഗ സംഖ്യ കേരളത്തിലെ ഒരു ശരാശരി പാര്‍ട്ടി അംഗത്തെ നിരാശപ്പെടുത്തുന്നതാണ്. 2021 ല്‍ ഗോവയിലെ പാര്‍ട്ടി അംഗ സംഖ്യ വെറും 45. 2022 ല്‍ അത് 45 ആയി തന്നെ തുടര്‍ന്നു. 2023 ലും 2024ലും അതേ 45 തന്നെ, കയറ്റമോ ഇറക്കമോ ഇല്ല. ഗോവ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് അല്‍പം കൂടി അംഗങ്ങളുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്, 303.
മണിപ്പൂരില്‍ 827 അംഗങ്ങളും പുതുച്ചേരിയില്‍ 812 മെമ്പര്‍മാരുമാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന തമിഴ്‌നാട്ടില്‍ അംഗങ്ങളുടെ കാര്യത്തില്‍ നേരിയ വളര്‍ച്ചയുണ്ടെന്ന ആശ്വാസമുണ്ട്. 2023 ല്‍ 91,422 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ല്‍ അത് 93,823 ആയി വര്‍ദ്ധിച്ചു.
മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ വളര്‍ച്ചയുണ്ട്. ഇവിടെ പാര്‍ട്ടിക്ക് 8,704 അംഗങ്ങളാണുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 108 അംഗങ്ങള്‍ ഈ സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന തെലങ്കാനയില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1,252 അംഗങ്ങള്‍ കുറഞ്ഞു. 38,143 ആണ് അവിടെ ആകെ പാര്‍ട്ടി മെമ്പര്‍ഷിപ്പ്.
പാര്‍ട്ടി 34 വര്‍ഷം അധികാരം കുത്തകയാക്കി വച്ചിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 1,096 അംഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ആകെ അംഗ സംഖ്യ 1,58,143 ആണ്.