ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ റിസര്‍വേഷൻ; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

0

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ .
1989ലെ റെയിൽവേ നിയമ പ്രകാരം ട്രെയിനുകളിൽ സ്‌ത്രീ യാത്രക്കാർക്ക് പ്രത്യേക റിസര്‍വേഷന് അവകാശം നല്‍കുന്നുണ്ട് എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയിൽ പറഞ്ഞു. പ്രായഭേദമന്യേ സ്‌ത്രീകള്‍ക്ക് ദീർഘദൂര മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിലും, ഗരീബ് രഥ് / രാജധാനി/ ഡുറോന്‍റോ എന്നീ പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത എക്‌സ്‌പ്രസ് ട്രെയിനുകളിലെ 3എസി ക്ലാസിലും ആറ് ബെർത്തുകൾ വീതമാണ് സ്‌ത്രീകള്‍ക്ക് റിസര്‍വേഷൻ ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിൽ ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകൾ, 3AC-യിൽ ഓരോ കോച്ചിലും നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകൾ, 2AC ക്ലാസുകളിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകൾ എന്നിങ്ങനെ മുതിർന്ന പൗരന്മാർക്കും, 45 വയസിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും റിസര്‍വേഷൻ ചെയ്‌തിട്ടുണ്ട്. മിക്ക ദീർഘദൂര മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ഗാർഡ്‌സ് കോച്ചുകളിൽ (എസ്എൽആർ) സ്‌ത്രീകൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.സ്‌ത്രീ യാത്രക്കാർക്ക് ആവശ്യാനുസരണം എക്‌സ്‌ക്ലൂസീവ് അൺറിസർവ്ഡ് കോച്ചുകൾ/കംപാർട്ട്‌മെന്‍റുകൾ സൗജന്യമാക്കും. “ട്രെയിനുകളിൽ സ്‌ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നുമ്ട്, ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ട്. സ്‌ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇക്കാര്യങ്ങള്‍ എല്ലാം തുടര്‍ച്ചയായി ചെയ്‌തുവരികയാണ്,” വൈഷ്‌ണവ് പറഞ്ഞു.

സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗവൺമെന്‍റ് റെയിൽവേ പൊലീസും (ജിആർപി) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് റെയിൽ മദദ് പോർട്ടലിൽ വഴിയോ, ഹെൽപ്പ്‌ലൈൻ നമ്പർ 139 വഴിയോ പരാതി നല്‍കാമെന്നും സഹായം അഭ്യര്‍ഥിക്കാമെന്നും വൈഷ്‌ണവ് വ്യക്തമാക്കി.

മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് ഉപയോഗം എന്നിവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കാൻ യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി പബ്ലിക് അഡ്രസ് സിസ്റ്റം വഴി പതിവായി അറിയിപ്പുകൾ നൽകുന്നു. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കോച്ചുകളിലും റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി കാമറകൾ പ്രവര്‍ത്തിക്കുന്നുണ്ട്.

ദീർഘദൂര ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റെയിൽവേയുടെ ‘മേരി സഹേലി’ സംരംഭത്തെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യാത്രയില്‍ സ്‌ത്രീകള്‍ക്ക് എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് വനിതാ സിപിആര്‍എഫ് ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നല്‍കുന്ന ബോധവല്‍ക്കരണമാണ് മേരി സഹേലി സംരംഭം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *