‘വൈറ്റ് ഹൗസിൽനിന്ന് അധികാരം വിട്ടിറങ്ങാൻ പാടില്ലായിരുന്നു’: സൂചന നൽകി ട്രംപ്; അവസാനലാപ്പിൽ കടുത്ത പോരാട്ടം

0

 

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് നാളെ ആരംഭിക്കാനിരിക്കെ പ്രവചനാതീതമെന്നു കരുതുന്ന സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമലാ ഹാരിസും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ കടുത്ത പോരാട്ടമെന്നാണു പ്രവചനം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ പ്രചാരണം നടത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല, മിഷിഗനിലാണ് പ്രചാരണം നടത്തിയത്.

താൻ വൈറ്റ്ഹൗസിൽനിന്ന് അധികാരം വിട്ടിറങ്ങാൻ പാടില്ലെന്നായിരുന്നു 2020ലെ തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ ട്രംപ് പറഞ്ഞത്. കമലയുമായുള്ള പോരാട്ടത്തിൽ തിരിച്ചടി നേരിട്ടാലും അംഗീകരിക്കില്ലെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. 2020ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി ട്രംപ് ഇതുവരെ സമ്മതിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ ട്രംപ് വിചാരണ നേരിട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെയും ട്രംപ് വിമർശിച്ചു. താൻ വൈറ്റ് ഹൗസിലെത്തിയാൽ മാത്രമേ അമേരിക്കൻ അതിർത്തികൾ സുരക്ഷിതമാകൂ എന്ന് ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയും കമലയും അഴിമതിക്കാരാണെന്നും ട്രംപ് ആരോപിച്ചു. ട്രംപ് അധികാരത്തിലെത്തുന്നതു രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അരാജകത്വത്തെയും ഭയത്തെയും അകറ്റിനിർത്താനുള്ള അവസരമാണു തിരഞ്ഞെടുപ്പ് ദിവസം നൽകുന്നതെന്നും കമല ഹാരിസ് പറഞ്ഞു. രാജ്യത്തിന്റെ ഭാവി തലമുറകളുടെ വിധി നിർണയിക്കാൻ രണ്ടു ദിവസത്തിനുള്ളിൽ ജനങ്ങൾക്ക് അധികാരം ലഭിക്കുകയാണെന്നും അവർ വ്യക്തമാക്കി. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും.

രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകും. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് (നേരത്തേ വോട്ട് ചെയ്യാം) സൗകര്യം ഉപയോഗിച്ചു ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായസർവേ. നെവാഡ, നോർത്ത് കാരോലൈന, വിസ്കോൻസെൻ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനും അരിസോനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും നേരിയ മുൻതൂക്കമുണ്ടെന്ന് സർവേ ഫലം പറയുന്നു. ജോർജിയ, പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമെന്നാണു സർവേഫലം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *