മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു

0
MOOLAMATTAM

ഇടുക്കി : ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്.ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ് വാരത്ത് ഭൂമിക്കടിയിലാണ് പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇടുക്കി ജലസംഭരണിയും ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ,കുളമാവ് അണക്കെട്ടുകളും ,ഏഴു ഡൈവേര്‍ഷന്‍ അണക്കെട്ടുകളും മൂലമറ്റം പവര്‍ ഹൗസുമാണ് ഉള്‍പ്പെടുന്നത് ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നാണിത്. പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. തൊടുപുഴയാറിലേക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *