“രാക്ഷസൻ” മുഖ്യമന്ത്രി രാജിവയ്ക്കണം, രൂക്ഷമായ ആക്രമണത്തിൽ കെപിസിസി ചീഫ് സുധാകരൻ ഗർജ്ജിക്കുന്നു
തിരുവനന്തപുരം ∙ ഭീകരജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പിണറായിയെ പുറത്താക്കാന്‍ ജനം രംഗത്തിറങ്ങണമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഈ മുഖ്യമന്ത്രിയെ വച്ച് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണമെന്നും പ്രവര്‍ത്തകരോടു സുധാകരന്‍ പറഞ്ഞു. ‘‘ഒന്നും ചെയ്യാതിരുന്ന കുട്ടികളെ പൊലീസില്‍ വളഞ്ഞിട്ട് അടിച്ച് തലയും കൈയും കാലും തകര്‍ക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ പിണറായി രാജിവച്ചു പോകണം. മക്കള്‍ക്കും കുടുംബത്തിനും പണം ഉണ്ടാക്കുന്നതിനൊപ്പം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം’’ – അദ്ദേഹം പറഞ്ഞു.
ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും ചുണ്ടനക്കി മറുപടി പറയാന്‍ കഴിയാത്ത ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘‘മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ച ഭീരുവാണ് മുഖ്യമന്ത്രി. ഇനി പിണറായി അറിയപ്പെടാന്‍ പോകുന്നത് പൂരംകലക്കി വിജയന്‍ എന്നാണ്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണം. അജിത്കുമാറിനെ അയച്ചത് എന്തിനെന്നതില്‍ മുഖ്യമന്ത്രി മൗനം വെടിയണം’’ – സതീശൻ പറഞ്ഞു. നിയമവാഴ്ച തകര്‍ന്നെന്നും പൊലീസ് തന്നെ കുറ്റാരോപിതരാകുന്ന സ്ഥിതിയാണുള്ളതെന്നും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.