ദുബൈയിൽ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി; വരുന്നത് 15 ശതമാനം വര്‍ദ്ധനവ്

0

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരി​ഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ വിശദീകരിച്ചു. ശരാശരി രണ്ടര ദിർഹത്തിന്റെ വർദ്ധനയാണ് നിരക്കിൽ ഉണ്ടാകുക.

യുഎഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആന്റ് റെമിറ്റൻസ് ഗ്രൂപ്പാണ് (എഫ്.ഇ.ആര്‍.ജി) ഫീസ് വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം തിങ്കളാഴ്ച നടത്തിയത്. 15 ശതമാനം വര്‍ദ്ധനവിന് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായും എഫ്.ഇ.ആര്‍.ജി അറിയിച്ചു. ഇതോടെ 2.5 ദിര്‍ഹത്തിന്റെ വർദ്ധനവായിരിക്കും ഫീസിൽ ഉണ്ടാവുക.

എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ശാഖകൾ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ആയിരിക്കും ഫീസ് വര്‍ദ്ധനവ് ബാധകമാവുന്നത്. എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഓൺലൈൻ വഴിയുമൊക്കെ നടക്കുന്ന പണമിടപാടുകള്‍ക്ക് ഫീസ് വര്‍ദ്ധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റൽ രംഗത്ത് സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫീസ് കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നു.

വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം  പണമിടപാടുകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ, ഈജിപ്ത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കും മറ്റ് ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് യുഎഇയിൽ നിന്ന് ഏറ്റവുമധികം പണം അയക്കപ്പെടുന്നത്. ഏറ്റവുമധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തിന്റെ ജനസംഖ്യയുടെ 85 ശതമാനത്തോളം വിദേശികളാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

പ്രവര്‍ത്തന ചെലവുകളിലും നിയമപരമായ നിബന്ധകളിലും മാറ്റം വന്ന സാഹചര്യത്തിൽ ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനം തുടര്‍ന്നും ലഭ്യമാക്കാനാണ് ഫീസ് വര്‍ദ്ധനവെന്ന് ഫോറിൻ എക്സ്ചേഞ്ച് ആന്റ് റെമിറ്റൻസ് ഗ്രൂപ്പ് ചെയ‍ർമാൻ മുഹമ്മദ് എ. അൽ അൻസാരി പറ‌ഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫീസിൽ വര്‍ദ്ധനവില്ലാതെയാണ് മുന്നോട്ട് പോയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *