ആറ് വയസ്സുകാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ
ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ ഗജേന്ദ്ര, പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ അധിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹർ പോലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 65(2) പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന് 20 വർഷത്തിൽ കുറയാത്ത കഠിന തടവാണ് ശിക്ഷ. അത് ജീവപര്യന്തം വരെ നീണ്ടേക്കാം. അതല്ലെങ്കില്‍ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്‍റെ ശേഷിക്കുന്ന കാലം തടവോ, അല്ലെങ്കിൽ വധശിക്ഷയോ വിധിക്കാം.
തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വിവരം ലഭിച്ചതായി അഹമ്മദ്ഗഢ് ഉൾപ്പെടുന്ന തഹസിൽ ശിക്കാർപൂരിലെ സർക്കിൾ ഓഫീസർ ശോഭിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സിംഗ് നേരത്തെ ജോലി സംബന്ധമായി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. തിങ്കളാഴ്ച, അയാള്‍ എന്‍റെ മകൾ പറയുന്നത് കേൾക്കാതെ വീട്ടിലേക്ക് അതിക്രമിച്ച് കയറി.’ പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.