സംവിധായകൻ മേജർ രവിയെ ഓന്തിനോട് ഉപമിച്ച് മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ

തിരുവനന്തപുരം:സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ. എമ്പുരാന്റെ വിവാദങ്ങൾക്ക് പിന്നാലെ മേജർ രവി നടത്തിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമർശനം. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ രവിക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.രാപ്പകൽ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും പ്രഹരമായിരുന്നു ‘രവി’ എന്ന സംവിധായകൻ്റെ ലൈവ് ഷോ. ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള നിറം മാറ്റമാണ് മേജർ രവിയുടേതെന്നും ഫേസ്ബുക് ബുക്കിലൂടെ വിമർശനം.
എമ്പുരാന്‍ ചലച്ചിത്ര വിവാദത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖേദ പ്രകടനവുമായി എത്തിയത്. തന്‍റെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ് പിന്നീട് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇതേ പോസ്റ്റ് പങ്കുവച്ചിരുന്നു.
അതേസമയം എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും.