യുഎസിൽ മോദിയുമായി കൂടിക്കാഴ്ച; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയാറെന്ന് ടെക് ഭീമന്മാർ
ന്യൂയോർക്ക്∙ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക് ഭീമന്മാർ അറിയിച്ചത്. ഇന്ത്യൻ സാമ്പത്തിക–സാങ്കേതിക വളർച്ചയുടെ ഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ മോദി അഭിപ്രായപ്പെട്ടു.
നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളുമായാണു മോദി ചർച്ച നടത്തിയത്. സുന്ദർ പിച്ചൈ, ജെൻസെൻ ഹോങ്, ശന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും ചർച്ച ചെയ്തു. ധാർമികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പിൽ എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോങ് ഐലൻഡിലെ നസാവു കൊളിസിയത്തിൽ നടന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയിലും മോദി പങ്കെടുത്തു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തോടെയാണ് മോദി അഭിസംബോധന ചെയ്തത്. ഇന്ത്യക്കാർ അഭിവാദ്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന നമസ്തേ എന്ന വാക്ക് ഇന്ന് ആഗോളതലത്തിൽ ഉപയോഗിക്കപ്പെടുന്നതിന്റെ കാരണം പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്–ഇന്ത്യ ബന്ധം ദൃഢമാക്കിയതിൽ യുഎസിൽ താമസക്കാരായ ഇന്ത്യക്കാർക്ക് പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ സമൂഹം രണ്ടുരാജ്യങ്ങൾക്കിടയിലെ പാലമായാണ് പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
‘‘നിങ്ങളെല്ലാവരും ഏഴുകടലുകൾ കടന്നാണ് എത്തിയിരിക്കുന്നത്. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നും ഇന്ത്യയോടുള്ള സ്നേഹം എടുത്തുമാറ്റാനാകില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കടൽ കടന്ന് വിദേശരാജ്യങ്ങളിലെത്തിയിട്ടുണ്ട്. യുഎസിലും ഉണ്ട്. അവരിൽ കുറേപേർ യുഎസ് പൗരത്വം സ്വീകരിച്ചു.’’ നമ്മെ ഒന്നിപ്പിച്ചു നിർത്തുന്ന വികാരം ഭാരത് മാതാ കി എന്നു മോദി പറഞ്ഞതും കാണികളായ ഇന്ത്യൻ സമൂഹം ഒന്നിച്ച് ജയ് വിളിച്ചു. ‘‘ഈ വികാരമാണ് നമ്മെ ഒരുമിച്ച് നിർത്തുന്നത്. ഇതാണ് നമ്മുടെ വലിയ കരുത്ത്. ലോകത്ത് എവിടെപ്പോയാലും അതാണ് നമ്മുടെ കരുത്ത്. അദ്ദേഹം പറഞ്ഞു. ഈ വികാരമാണ് നമ്മളെ സമാധാനത്തോടെയിരിക്കാൻ, നിയമം അനുസരിക്കുന്ന ആഗോള പൗരന്മാരായി ഇരിക്കാൻ സഹായിക്കുന്നത് ഈ വികാരമാണ്. ഇന്ത്യയുടെ മക്കളാണ് രാജ്യത്തെ പ്രൗഢയാക്കുന്നത്. അവർ ഇന്ത്യ ലോകത്തിന്റെ വിശ്വബന്ധുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നു.’’ മോദി പറഞ്ഞു.
യുഎസിൽ സ്ഥിരതാമസമാക്കിയവരെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർമാർ എന്നുവിശേഷിപ്പിച്ച മോദി, ഇന്ത്യക്ക് യുഎസിൽ ലഭിക്കുന്ന ബഹുമാനത്തിന് അവരോട് നന്ദി പറഞ്ഞു. ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവുമാണ് ലോകത്തെ ഏതുകോണിലായാലും ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതെന്നും പറഞ്ഞു. പ്രസംഗിക്കാനായി എഴുന്നേറ്റ പ്രധാനമന്ത്രിയെ മോദി, മോദി വിളികളോടെയാണ് കാണികൾ എതിരേറ്റത്.