മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. 13-ന് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അഹ്ലന് മോദി സമ്മേളനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 65,000 കവിഞ്ഞു. രജിസ്ട്രേഷന് അവസാനിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150-ലേറെ സംഘടനകള്‍ സംയുക്തമായാണ് സമ്മേളനത്തിനായുള്ള തയ്യാറെടുപ്പ് നടത്തുന്നത്. വിശ്വമിത്ര എന്ന പ്രമേയത്തിലുള്ള പ്രത്യേക കലാവിരുന്ന് അരങ്ങേറും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കലകള്‍ ചേര്‍ത്തുള്ള പ്രത്യേക പരിപാടിയുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 800-ലേറെ കലാകാരന്മാരില് 300 പേര് അബുദാബിയില്‍നിന്നുള്ള പ്രവാസികളാണ്. കലാവിരുന്നുകളുടെ പരിശീലനം വിവിധ എമിറേറ്റുകളിലായി പുരോഗമിക്കുകയാണ്. 2000-ത്തിലേറെ സന്നദ്ധപ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകും.
ഫെബ്രുവരി 14-നാണ് അബുദാബി ഹിന്ദുശിലാക്ഷേത്രം ഔദ്യോഗികമായി തുറക്കുന്നത്. അബു മുറൈഖ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ തെളിവായി മാറുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്ക്കുമുന്നില് മന്ദിറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി’ അവതരിപ്പിക്കും.