പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി. രാജിക്കത്ത് സ്വീകരിച്ച രാഷ്‌ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നതുവരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്‌ട്രപതി ഭവനിൽ എത്തി പ്രധാന മന്ത്രി രാജി കത്ത് രാഷ്‌ട്രപതിക്ക് കൈമാറുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ച സാഹചര്യത്തിൽ 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്സഭ പിരിച്ചു വിട്ടതായി രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.
വരുന്ന ശനിയാഴ്ച മൂന്നാം എൻ ഡി എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നാണ് ലഭ്യമാകുന്ന വിവരം.സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി എൻ ഡി എ എം പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ വെച്ച് ചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നാം എൻ ഡി എ സർക്കാർ രൂപീകരണത്തിന് ജനതാദൾ യുണൈറ്റഡ്, തെലുങ്ക് ദേശം പാർട്ടിഎന്നിവർ ബി ജെ പിയെ പിന്തുണയ്‌ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.