രാജകീയ പ്രൗഢിയുടെ ജിദ്ദയിൽപറന്നിറങ്ങി മോദി ; 40 വര്‍ഷത്തിന് ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം നല്‍കി. മോദിയുടെ വിമാനം സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ സൗദി അറേബ്യയിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്‍റെ ക്ഷണപ്രകാരമാണ് മോദി ജിദ്ദയിലെത്തിയത്. ഇനി റിറ്റ്സ് കാൾട്ടൺ ഹോട്ടലില്‍ വച്ച് ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ശേഷം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ വച്ച് കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യ-സൗദി നയതന്ത്ര പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമായിട്ടാണ് മോദിയുടെ ഈ സന്ദര്‍ശനത്തെ കാണുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ സുപ്രധാനപ്പെട്ട ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്ട്. ചില കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ബഹിരാകാശം, ഊർജ്ജം, ആരോഗ്യം, ശാസ്ത്രം, ശാസ്ത്ര ഗവേഷണം, സംസ്‌കാരം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഒപ്പുവയ്ക്കും. ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ ക്വാട്ട ഉൾപ്പെടെയുള്ള ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രി മോദി ചർച്ച ചെയ്യും. ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടും.
സൗദി അറേബ്യയുമായുള്ള ദീർഘകാലവും തന്ത്രപരവുമായ ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി മോദി പറഞ്ഞു. “സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്നു, അവിടെ ഞാൻ വിവിധ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കും. സൗദി അറേബ്യയുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിച്ചിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്‍റെ രണ്ടാം യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായും ഞാൻ സംവദിക്കും,” പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തനായ വക്താവാണെന്നും ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും തന്‍റെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം ശ്രദ്ധേയമാണെന്നും മോദി വ്യക്തമാക്കി.
“സൗദി കിരീടാവകാശിയുടെ നേതൃത്വത്തിൽ സൗദി അറേബ്യ സാമൂഹികവും സാമ്പത്തികവുമായ വലിയ പരിവർത്തനങ്ങൾക്ക് വിധേയമായി. അദ്ദേഹം ഏറ്റെടുത്ത പരിഷ്‌കാരങ്ങൾ മേഖലയെ പ്രചോദിപ്പിക്കുക മാത്രമല്ല, മുഴുവൻ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു.
വിഷൻ 2030 പ്രകാരം വളരെ കുറഞ്ഞ കാലയളവിനുള്ളിൽ രാജ്യത്ത് പരിവർത്തനാത്മകമായ മാറ്റങ്ങൾ കാണാൻ കഴിയും. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തമായ വക്താവാണ് അദ്ദേഹം. സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ വലിയ പിന്തുണക്കാരനാണ് അദ്ദേഹം, സൗദി അറേബ്യയിൽ താമസിക്കുന്ന നമ്മുടെ പ്രവാസികള്‍ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു,” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2030 ലെ വേൾഡ് എക്സ്പോയ്ക്കും 2034 ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന സൗദി അറേബ്യയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇത് “അത്യധികം അഭിമാനം” ആണെന്നും മോദി വിശേഷിപ്പിച്ചു.