മോദിയെയും ബിജെപിയെയും അയോധ്യയിലേതു പോലെ ഗുജറാത്തിലും തോൽപിക്കും: രാഹുൽ ഗാന്ധി
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ ഗുജറാത്തിലും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിന്മാറിയത് തോൽവി ഭയന്നാണ് എന്ന ആരോപണം രാഹുൽഗാന്ധി ആവർത്തിക്കുകയും ചെയ്തു.
അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജെപി ക്കും മോദിക്കുമെതിരെ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി രംഗത്തുവന്നത്. നമ്മുടെ കഴിവ് അവരെ ബോധ്യപ്പെടുത്തി കൊടുക്കാനുള്ള സുവർണാവസരമാണ് ഇത് എന്ന് പറഞ്ഞ രാഹുൽഗാന്ധി ബിജെപിയെയും മോദിയെയും ഗുജറാത്തിലും തോൽപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അവർ നമ്മെ വെല്ലുവിളിച്ചിരിക്കുകയാണ് എന്നും പറഞ്ഞു.
നരേന്ദ്രമോദിയെയും ബിജെപിയെയും അയോധ്യയിൽ അവരെ തകർത്തത് പോലെ ഗുജറാത്തിലും തകർക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി കർഷകർക്ക് അയോധ്യ വിമാനത്താവളം പണിതപ്പോൾ ഭൂമി നഷ്ടപ്പെട്ടു എന്നും അയോധ്യയിലെ ജനങ്ങൾ അസന്തുഷ്ടരാണ് എന്നും പറഞ്ഞു. അഡ്വാനി തുടങ്ങിവച്ച പ്രസ്ഥാനത്തെ സംബന്ധിച്ച് അതിന്റെ കേന്ദ്രബിന്ദു അയോധ്യയായിരുന്നു എന്നും ഇന്ത്യാ സഖ്യം അത് തകർത്തു എന്നും വിമാനത്താവളം പണിതപ്പോൾ ഭൂമി നഷ്ടപ്പെട്ട ജനങ്ങളെ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് വിളിച്ചില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു