നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട മൊബൈല്‍ നമ്പര്‍ മുന്‍കൂറായി ബുക്ക് ചെയ്യാം, സിം പിന്നീട് എടുത്താല്‍ മതി! വഴിയുണ്ട്

0

ദില്ലി : സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയാണ് ആളുകള്‍. ലക്ഷക്കണക്കിന് പുതിയ യൂസര്‍മാരെയാണ് സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം ബിഎസ്എന്‍എല്ലിന് ലഭിച്ചത്. അനവധി പേര്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്ത് എത്തുന്നുമുണ്ട്. പുതുതായി ബിഎസ്എന്‍എല്‍ സിം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രിയ നമ്പറുകള്‍ തെരഞ്ഞെടുത്ത് മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും. ഇത് എങ്ങനെയെന്നും ഇതിനായി എന്താണ് ചെയ്യേണ്ടതെന്നും നോക്കാം.

ഗൂഗിള്‍ പോലുള്ള ഏതെങ്കിലും സെര്‍ച്ച് എഞ്ചിനില്‍ പ്രവേശിച്ച് ബിഎസ്എന്‍എല്‍ ചൂസ് യുവര്‍ മൊബൈല്‍ നമ്പര്‍ (BSNL Choose Your Mobile Number) എന്ന് ആദ്യം സെര്‍ച്ച് ചെയ്യുകയാണ് ഇഷ്‌ട മൊബൈല്‍ നമ്പര്‍ ബുക്ക് ചെയ്ത് വെക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ലഭിക്കുന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് തുറന്നുവരുന്ന ടാബില്‍ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് സംസ്ഥാനം സെലക്ട് ചെയ്യുക. ഉദാഹരണമായി കേരളം സെലക്ട് ചെയ്താല്‍ ചോയ്‌സ് നമ്പേഴ്‌സ് (Choice Numbers), ഫാന്‍സി നമ്പേഴ്‌സ് (Fancy Numbers) എന്നീ ഓപ്ഷനുകള്‍ കാണാനാവും. ഇവയില്‍ ചോയ്‌സ് നമ്പര്‍ തെരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഇഷ്‍ടപ്പെട്ട നമ്പര്‍, സിരീസ് അടിസ്ഥാനത്തിലോ തുടക്ക നമ്പറുകളുടെ അടിസ്ഥാനത്തിലോ അവസാന നമ്പറുകളുടെ അടിസ്ഥാനത്തിലോ സെലക്ട് ചെയ്യാം. ഇതുപോലെ ഫാന്‍സി നമ്പര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഇഷ്ട നമ്പര്‍ ബുക്ക് ചെയ്യുകയുമാകാം.

ഇങ്ങനെ ചോയിസ് നമ്പറായോ ഫാന്‍സി നമ്പറായോ നിങ്ങള്‍ സെലക്ട് ചെയ്യുന്ന നമ്പറിന് നേരെയുള്ള റിസര്‍വ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം നിലവിലെ മറ്റേതെങ്കിലും മൊബൈല്‍ നമ്പര്‍ സമര്‍പ്പിച്ച് ഒടിപി നല്‍കിയാല്‍ ആ നമ്പര്‍ ബുക്ക് ചെയ്യപ്പെടും. ഇതിന് ശേഷം തൊട്ടടുത്ത ബിഎസ്എന്‍എല്‍ ഓഫീസിലെത്തി ആ നമ്പറിലുള്ള സിം കൈപ്പറ്റാം. ബിഎസ്എന്‍എല്‍ 4ജി സേവനം വ്യാപിപ്പിക്കുന്നത് പുതുതായി സിം എടുക്കുന്നവര്‍ക്ക് ഗുണകരമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *