‘മൊബൈൽ അഡിക്ഷൻ ‘ :അച്ഛനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍

0
murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ റിമാൻഡ് ചെയ്തു.
അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍ നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടക വീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറി(60)നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകൻ സിജോയ് സാമുവല്‍(19) നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ജൂണ്‍ 11-നാണ് മകൻ സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാർ കഴിഞ്ഞ ദിവസം മരിച്ചു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയുമാണ് സിജോയ് സാമുവലിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കോവിഡ് കാലത്ത് പഠനോപയോഗത്തിനായാണ് സിജോയ്ക്ക് മൊബൈല്‍ നൽകിയത്. പിന്നീട് ഇതിന്റെ അമിതമായ ഉപയോഗം സിജോയുടെ സ്വഭാവ മാറ്റങ്ങൾക്കു കാരണമായി.

വീഡിയോ ഗെയിമുകളും ഇന്റർനെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട് . മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാൻ ശ്രമിച്ചത് സിജോയിയെ പ്രകോപിപ്പിച്ചു.സിജോയുടെ ആവശ്യപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് സിജോയ് വാശിപിടിച്ചു. മാത്രമല്ല, സുനില്‍കുമാർ തനിക്ക് കിട്ടിയ അഞ്ചു സെന്റ് വസ്തു മൂത്ത മകള്‍ക്ക് നല്‍കിയതിൻറെ പേരില്‍ പ്രതി മാതാപിതാക്കളെ കൈയേറ്റം ചെയ്തെന്നും വിവരമുണ്ട്.

പഞ്ചായത്ത് മെമ്പർ അടക്കമുള്ള നാട്ടുകാർ ഇടപെട്ട് സിജോയിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നെങ്കിലും പരിശോധനയിലൊന്നും സിജോയ്ക്ക് കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നു മാത്രമല്ല, മാതാപിതാക്കൾക്കു നേരെ മർദനം തുടരുകയും ചെയ്തു. സഹിക്ക വയ്യാതായപ്പോഴാണ് സുനിൽകുമാറും ഭാര്യയും വെണ്‍പകലിലെ വീട്ടില്‍ നിന്ന് കാഞ്ഞിരംകുളത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്.

ഇതിനു ശേഷവും ബേക്കറി ഉടമയായ സുനില്‍കുമാർ എല്ലാ ദിവസവും മകൻ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. എന്നാല്‍, ഭക്ഷണം കൊണ്ടു വരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മർദിച്ചിരുന്നതായാണ് വിവരം. ജൂണ്‍ 11-നും സമാനരീതിയില്‍ ആക്രമിച്ചപ്പോഴാണ് സുനില്‍കുമാറിന് തലയ്ക്കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും പടിക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് പരിക്കേറ്റെന്നാണ് സുനില്‍കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് തൊട്ടു മുൻപായി ഭാര്യയോട് മകൻ ആക്രമിച്ച വിവരം വെളിപ്പെടുത്തി. സുനില്‍കുമാർ മരിച്ചതോടെ പോലീസ് സംഭവത്തില്‍ കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സുനില്‍കുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *