മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പുതല നടപടിയിൽ ഒതുക്കാൻ നീക്കം നടക്കുന്നു. അതിനാൽ ക്രിമിനൽ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം.
ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നൽകിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയിൽ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവായ പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തെ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.