ഒടുവില്‍ മിഥുന്‍ മരിച്ച വിവരം അമ്മ അറിഞ്ഞു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച വിവരം മാതാവ് അറിഞ്ഞതായി റിപ്പോര്‍ട്ട്. മിഥുന്‌റെ അമ്മ സുജയുമായി ഫോണില്‍ ബന്ധപ്പെട്ടു. മകന്‌റെ മരണവിവരം അമ്മയെ അറിയിച്ചെന്ന് മിഥുന്‌റെ ബന്ധുക്കള്‍ പറഞ്ഞു. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതാണ് മിഥുന്‌റെ അമ്മ. മകന്‌റെ മരണ വിവരം അറിയിക്കാന്‍ പല തവണ ഫോണില്‍ വിളിച്ചിട്ടും സുജയെ ഫോണില്‍ ലഭിച്ചിരുന്നില്ല. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.
ഉടന്‍ തന്നെ സുജയെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിഥുന്‌റെ കുടുംബം. നാല് മാസം മുന്‍പാണ് സുജ കുവൈത്തിലേക്ക് പോയത്. ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.