മിഥുന്‍ ഇനി കണ്ണീരോര്‍മ : വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം

കൊല്ലം: എന്‍സിസി യൂണിഫോമില്‍ സ്‌കൂളില്‍ വരണമെന്നും കളിക്കളങ്ങളില്‍ ബൂട്ടിട്ട് ഇറങ്ങണമെന്നുമുള്ള ആഗ്രഹങ്ങള്‍ ബാക്കിയാക്കി മിഥുന്‍ മടങ്ങി…. കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍നിന്ന് ഷോക്കേറ്റു മരിച്ച 13കാരന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുമ്പോള്‍ നാടൊന്നാകെ കണ്ണീരിലായി. ഉറ്റവരും കൂട്ടുകാരും യാത്രമൊഴിയേകി. അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പറഞ്ഞുകൊടുത്തതു പോലെ എല്ലാം അവന്‍ ചെയ്തു. വിറങ്ങലിച്ച മനസുമായി ജ്യേഷ്ഠന്‍ മിഥുന്റെ ചിതയ്ക്കു ചുറ്റും സുജിന്‍ വലംവച്ചു. അടുക്കിവച്ച വിറകുകളുടെ വിടവിലൂടെ സുജിനെന്ന പതിനൊന്നുകാരന്‍ ചേട്ടനെ ഒരു പ്രാവശ്യം കൂടി നോക്കി. ഒടുവില്‍ ചിതയ്ക്ക് തീപകര്‍ന്നു.
മകന് അന്ത്യ ചുംബനം നല്‍കിയാണ് അമ്മ സുജ വിട നല്‍കിയത്. അനാസ്ഥയുടെ ബലിയാടായി പിടഞ്ഞുമരിച്ച മകന്‍ മിഥുനെ അവസാനമായി കാണാന്‍ കുവൈത്തിലെ ജോലി സ്ഥലത്തുനിന്നും സുജയെത്തിയപ്പോള്‍ വൈകാരികമായ നിമിഷങ്ങളായിരുന്നു തേവലക്കരയില്‍ വീട്ടിലെങ്ങും. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍വച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പില്‍ നടന്നത്. സ്ഥലപരിമിതിക്കിടയിലും ഒരു നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി.സ്‌കൂളിലെ ഷെഡ്ഡിനുമുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച പത്തുമണിക്കുശേഷം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. 12-ന് വീട്ടിലെത്തിച്ചു. വൈകീട്ട് നാലുമണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.
അമ്മ സുജ പ്രിയപ്പെട്ട മകനെ ചേര്‍ത്ത് പിടിച്ച് അന്ത്യചുംബനം നല്‍കിയതും നൊമ്പരക്കാഴ്ചയായി. സുജ ഇന്നു രാവിലെയാണ് പ്രിയപ്പെട്ട മകനെ അവസാനമായി കാണാന്‍ വിദേശത്തുനിന്നെത്തിയത്. ഇളയമകനെ ചേര്‍ത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. ചേതനയറ്റ് മിഥുനെക്കണ്ട് അലമുറയിട്ടു കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി.
ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ അതിവൈകാരിക നിമിഷങ്ങളായിരുന്നു. കരഞ്ഞ് തളര്‍ന്ന് ശബ്ദം ഇല്ലാതായ പ്രിയപ്പെട്ടവര്‍ക്കിടയില്‍ നിന്നാണ് മിഥുന്‍ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞുപോകുന്നത്. എന്‍സിസിയുളള സ്‌കൂളില്‍ ചേരാന്‍ വേണ്ടിയാണ് മിഥുന്‍ തേവലക്കര സ്‌കൂളിലേക്ക് എത്തിയത്. ഫുട്‌ബോളറാകാനും ആഗ്രഹമുണ്ടായിരുന്നു മിഥുന്. ചെറിയ വീടിന്റെ പിന്നാമ്പുറത്താണ് മിഥുന് അന്ത്യവിശ്രമമൊരുക്കിയത്. തേവലക്കര സ്‌കൂളില്‍ നടത്തിയ പൊതുദര്‍ശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. ആശുപത്രിയില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന് ഇരുവശവും മിഥുനെ അവസാനമായി കാണാന്‍ നാട്ടുകാര്‍ നിറഞ്ഞിരുന്നു. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുന്റെ മൃതദേഹം വിലാപയാത്രയായാണ് തേവലക്കര സ്‌കൂളില്‍നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്.
മിഥുന്റെ മരണത്തില്‍ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി. മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകള്‍ കെഎസ്ഇബി നീക്കം ചെയ്യും. സ്‌കൂളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൈക്കിള്‍ ഷെഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് മിഥുന്‍ മരിച്ചത്.