ചെയ്യാത്ത തെറ്റിന് 17 കൊല്ലം ജയിലിൽ കഴിഞ്ഞു
വർഷങ്ങളോളം ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിയുക, എന്നിട്ടോ അത്രയും കാലം ജയിലിലിട്ട നിരപരാധിയോട് തന്നെ ജയിലിൽ കഴിഞ്ഞതിന് ഒരു തുക ചോദിക്കുക. സങ്കല്പിക്കാൻ തന്നെ പ്രയാസം അല്ലേ? ഈ അനുഭവം യുകെയിൽ സാധാരണമാണ്. അതുപോലെ, യുകെയിൽ നിന്നുള്ള ആൻഡ്രൂ മൽകിൻസൺ എന്നയാൾ ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞത് 17 വർഷമാണ്.
റിപ്പോർട്ടുകൾ പ്രകാരം, ജയിലിൽ കിടക്കുന്ന സമയത്തുള്ള ‘ബെഡ് ആൻഡ് ബോർഡ് ഫീസ്’ നൽകേണ്ടിവരുമെന്നാണ് മൽകിൻസണിനെ അധികൃതർ അറിയിച്ചിരുന്നത്. ഇങ്ങനെ ജയിലിൽ അടക്കപ്പെട്ട പല നിരപരാധികളും പറയുന്നത് തങ്ങൾക്ക് കിട്ടിയ നഷ്ടപരിഹാരത്തുകയിൽ നിന്നും ഒരു തുക ഇങ്ങനെ ജയിലിൽ തങ്ങിയതിനുള്ള ‘ബെഡ് ആൻഡ് ബോർഡ് ഫീസ്’ ആയി കട്ട് ചെയ്യാറുണ്ട് എന്നാണ്.
2003 -ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ആൻഡ്രൂ മാൽകിൻസണെ 17 വർഷം ജയിലിൽ അടച്ചത്. എല്ലാ കുറ്റങ്ങളിൽ നിന്നും മോചിതനായെങ്കിലും, കോംപൻസേഷനിൽ നിന്നും 1,00,000 പൗണ്ട് (1,06,88,639 രൂപ) ‘ബെഡ് ആൻഡ് ബോർഡ് ഫീസ്’ കുറയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ, ആൻഡ്രൂ മാൽകിൻസൺ കേസ് വലിയ ചർച്ചയായി മാറിയതിനെ തുടർന്ന് മുൻ ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്ക്, ഇങ്ങനെ ശിക്ഷിക്കപ്പെടുന്ന നിരപരാധികൾക്ക് നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് ജയിൽ കാലയളവിലെ ജീവിതച്ചെലവ് കുറയ്ക്കുന്ന നയം നിർത്തലാക്കിയിരുന്നു.
ജയിൽ കാലയളവിലെ ജീവിതച്ചെലവ് കുറയ്ക്കാതെ മുഴുവൻ തുകയും സർക്കാർ നൽകുമെന്നാണ് ഇപ്പോൾ പറയുന്നത് എങ്കിലും ആ നഷ്ടപരിഹാരത്തുകയ്ക്കായി മാൽകിൻസൺ രണ്ട് വർഷം വരെ കാത്തിരിക്കേണ്ടിവരും. തുക വിലയിരുത്തുന്ന സ്വതന്ത്ര ബോർഡ് അന്തിമ തീരുമാനമെടുക്കുന്നതുവരെയുള്ള കാലയളവാണ് ഇത്.