മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ ദൗത്യസംഘം പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആന വെറ്റിലപ്പാറ പതിനേഴാം ബ്ലോക്കിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു ഡോക്‌ടർ അരുൺ സക്കറിയ അടങ്ങുന്ന സംഘം ആന നിലയുറപ്പിച്ചിരുന്ന സ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.ആനയെ ഡാർട്ട് ചെയ്‌ത ശേഷം ഏഴാറ്റുമുഖം ഗണപതി കാട്ടിനുള്ളിലേക്ക് മുറിവേറ്റ ആനയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ മയക്കുവെടി ഏറ്റ ആന മയങ്ങി വീണു. ഡോക്‌ടര്‍ അരുൺ സക്കറിയ അടങ്ങുന്ന ഡോക്‌ടർമാരുടെ സംഘം ആനയുടെ മുറിവ് വൃത്തിയാക്കികൊണ്ടിരിക്കുകയാണ്.അതേസമയം ആനയുടെ ആരോഗ്യ നിലയില്‍ ആശങ്കയുള്ളതായാണ് ലഭിക്കുന്ന വിവരം. അടുത്ത ഒരുമണിക്കൂര്‍ നിര്‍ണായകമാകും.
പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ആനയെ എനിമൽ ആംബുലൻസിൽ തുടർ ചികിത്സയ്ക്കായി കോടനാട് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.