ലഹരിയെ തുരത്താൻ മിഷൻ പുനർജ്ജനി പദ്ധതിയുമായി എറണാകുളം റൂറൽ പോലീസ്
എറണാകുളം : ലഹരിയെ തുരത്താൻ റൂറൽ പോലീസിൻ്റെ പദ്ധതിയായ ‘മിഷൻ പുനർജ്ജനി’ ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. അങ്കമാലി സി.എസ്.എ ഹാളിൽ നടന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരായുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കാളിയാകണമെന്ന് എസ്.പി പറഞ്ഞു. ലഹരി വിരുദ്ധ പ്രതിഞ്ജയും എസ്.പി ചൊല്ലിക്കൊടുത്തു. ആലുവ ഡി വൈ എസ് പി ടി. ആർ രാജേഷ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ പദ്ധതി വിശദീകരിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, എസ്. സി.എം.എസ് കോളേജ് അസോ: പ്രഫസർ മീര മനോഹർ, ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെബി കുര്യൻ, സി എം ഐ ഡി ഡയറക്ടർ ബൈശാലി ഘോഷ്, അങ്കമാലി ഇൻസ്പെക്ടർ എ.രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ സബ്ഡിവിഷനിൽ നിന്നായി 500ഓളം അതിഥിത്തൊഴിലാളികൾ പങ്കെടുത്തു.
അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിൻ്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്ര പരവും, മാനസികവും, സാമൂഹികവുമായ പിന്തുണ നൽകുക, ബോധവൽക്കരണം നൽകുക, ബദൽ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങളിലെ അധികാരികളുമായി സഹകരിച്ച് പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക,,കായിക വിനോദത്തിന് അവസരങ്ങളൊരുക്കുക ,ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക, ആരോഗ്യ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് മിഷൻ പുനർജ്ജനിയിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.
