ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീടിനടുത്ത് പരിശോധന; കാണാതായ വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം
ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു മൃതദേഹം കുഴിച്ചിട്ട നിലയിൽ. പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇവരെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു.
ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
പറമ്പിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. തുടർന്ന് വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു എന്ന അനുമാനത്തിലെത്തുകയായിരുന്നു. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കൃത്യസ്ഥലം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടൂർ ആണെന്ന് കാണിച്ച് തുടർന്നുള്ള അന്വേഷണം മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടർന്നു നടന്ന അന്വേഷണത്തിലാണ് സുഭദ്ര കോർത്തശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.
കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ മഗലാപുരം സ്വദേശി ശർമിള എന്നിവരാണ് കോർത്തുശേരിയിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോർത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.