തൃശൂരില്‍ കുട്ടികളെ കാണാതായ സംഭവം: 2 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്.
വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികളെ കണ്ടെത്തുന്നതിന് 7 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും വനംവകുപ്പും തെരച്ചില്‍ നടത്തിയത്. കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.