ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു
ദില്ലി : ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു. ദില്ലിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ദില്ലിയിലെ കോട്ല വിഹാർ ഫേസ് 2 ലെ മൈതാനത്തായിരുന്നു 13കാരൻ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനത്തിന്റെ പരിസരത്തുള്ള ഗോശാലയുടെ സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്. ഇരുമ്പ് തൂൺ വൈദ്യുത ലൈനുമായി സമ്പർക്കത്തിലുണ്ടായിരുന്നത് 13കാരന്റെ ശ്രദ്ധയിൽ വരാത്തതെന്നാണ് അപകടത്തേക്കുറിച്ച് സമീപവാസികൾ പ്രതികരിക്കുന്നത്. ഗോശാലയിലേക്ക് കറന്റ് കണക്ഷൻ നൽകാനായി സ്ഥാപിച്ച തൂണിലാണ് 13കാരൻ പന്ത് തെരയുന്നതിനിടെ സ്പർശിച്ചത്.
കൂട്ടുകാരും സമീപവാസികളും ചേർന്ന് 13കാരനെ ഉടനേ തെന്ന ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും കൌമാരക്കാരന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ സെക്ഷൻ 106(1) അനുസരിച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവത്തിൽ 12കാരൻ ദക്ഷിണ ദില്ലിയിൽ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ ദില്ലിയിലെ ബിൻഡാപൂരിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് പോയ 12കാരനാണ് ഷോക്കേറ്റ് മരിച്ചത്. ജൂലൈ 31ായിരുന്നു സംഭവം. സമാനമായ മറ്റൊരു സംഭവത്തിൽ ദില്ലിയിലെ മിതാപൂരിൽ 28കാരൻ വീട്ടിൽ ഷോക്കേറ്റ് മരിച്ചിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഷോക്കേറ്റ് മരണങ്ങൾക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ദില്ലി സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ദില്ലി പൊലീസ് കമ്മീഷണർ അടക്കമുള്ളവരിൽ നിന്നാണ് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയത്. പ്രാദേശിക ഭരണകൂടങ്ങളുടെ അനാസ്ഥയാണ് അപകട കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇത് ആശങ്കയ്ക്ക് വക നൽകുന്നതാണെന്നാണ് റിപ്പോർട്ടിനേക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ വിശദമാക്കിയത്. നേരത്തെ ഷോക്കേറ്റുള്ള അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 7.5 ലക്ഷം രൂപയും 60 ശതമാനത്തിലേറെ പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയുമാണ് ദില്ലിയിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.