അപകടങ്ങൾ തുടർക്കഥയാക്കിയ റെയിൽവേ; സിഗ്നലിങ് സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ? കവചമൊരുക്കേണ്ട കാലം കഴിഞ്ഞോ?

0

പതിറ്റാണ്ടുകൾ പഴക്കമുള്ള സിഗ്നലിങ് സംവിധാനത്തിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പാഠം പഠിക്കാതെ റെയിൽവേ. ഒഡിഷ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന് ഒന്നേകാൽ വര്‍ഷം പിന്നിടുമ്പോഴാണു രാജ്യത്തെ മുൾമുനയിൽ നിർത്തി ചെന്നൈയ്ക്കു സമീപം കവരപ്പേട്ടയിൽ മറ്റൊരു അപകടമുണ്ടാകുന്നത്. അതും സിഗ്നലിങ് സംവിധാനത്തിലുണ്ടായ പാളിച്ചകൾ കാരണം. കോറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിനിലും ഹൗറ-ബെംഗളൂരു എക്‌സ്പ്രസിലും ഇടിച്ചുണ്ടായ ബാലസോർ അപകടത്തിൽ 296 പേരാണ് 2023 ജൂണിൽ കൊല്ലപ്പെട്ടത്. ബംഗാളിലെ സിംഗൂരിൽ‌ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ടു നിരവധി ജീവനുകൾ നഷ്ടമായതും സിഗ്നലിങ്ങിലെ വീഴ്ച കാരണമാണ്.

സിഗ്നൽ ലഭിക്കാതെയും സിഗ്നൽ കേബിളുകൾ മുറിഞ്ഞും ഉൾപ്പെടെ പല അപകടങ്ങളിൽനിന്നും തലനാരിഴയ്ക്കാണ് ട്രെയിനുകൾ പലപ്പോഴും രക്ഷപ്പെടുന്നത്. വൈദ്യുതീകരണം, സിഗ്‌നൽ, ട്രാക്ക് എന്നിവ ട്രെയിൻ ഗതാഗതത്തിൽ പ്രധാനമാണ്. വൈദ്യുതീകരണവും ട്രാക്ക് നവീകരണവും ഏറക്കുറെ മുന്നേറിയെങ്കിലും സിഗ്‌നലിങ്ങിന് ഇപ്പോഴും പഴയ സംവിധാനം തന്നെയാണ്. മെട്രോ റെയിൽ മാതൃകയിൽ ഓട്ടമാറ്റിക് സിഗ്‌നൽ പരിഷ്കാരം ലക്ഷ്യമിട്ടെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. കാലങ്ങൾ പഴക്കമുള്ള റെയിൽവേയുടെ സിഗ്നലിങ് സംവിധാനം എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്നു പരിശോധിക്കാം.

റെയിൽവേ സിഗ്നലുകൾ എങ്ങനെ, എന്തിന്? – രാജ്യത്തെമ്പാടും ഓടുന്ന ട്രെയിനുകൾ ഒരു നിശ്ചിത പാളത്തിലൂടെ പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. സിഗ്‌നല്‍ തയാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഒരു റെയില്‍വേ ട്രാക്കിനെ മറ്റൊരു ട്രാക്കുമായി യോജിപ്പിക്കുന്നത് പോയന്റ് എന്നറിയപ്പെടുന്ന ചലിപ്പിക്കാന്‍ പറ്റുന്ന റെയില്‍ കഷ്ണങ്ങളിലൂടെയാണ്. ഇത്തരം റെയിലുകളുടെ ചലനം, പോയന്റ് മെഷീന്‍ എന്നറിയപ്പെടുന്ന ഒരു പെട്ടിയിലൂടെയാണു നിയന്ത്രിക്കുന്നത്.

റെയില്‍ ട്രാക്കുകള്‍ പിരിയുന്ന സ്ഥലങ്ങളില്‍ റെയിലിൽനിന്നും ഏകദേശം ഒരു മീറ്റര്‍ മാറി റെയിലിന്റെ അതേ ഉയരത്തില്‍ ഇത്തരം പെട്ടികള്‍ സ്ഥിതി ചെയ്യും. റെയിൽവേ സ്റ്റേഷനുകൾക്കു സമീപം നമുക്ക് ഈ പെട്ടികൾ കാണാൻ കഴിയും. പെട്ടിക്ക് അകത്തുള്ള വൈദ്യുത മോട്ടോർ ഉപയോഗിച്ചാണ് ടങ് റെയിലുകള്‍ ചലിപ്പിക്കുന്നതും റെയില്‍പ്പാത മാറ്റുന്നതും. സ്റ്റേഷന്‍മാസ്റ്റര്‍ തന്റെ മുറിയിലുള്ള പാനൽ ബോർഡിൽനിന്ന് ഒരു നിശ്ചിത റെയില്‍റൂട്ട് സജ്ജമാക്കുമ്പോള്‍ പോയന്റുകള്‍ മാറുകയും സിഗ്‌നലുകള്‍ തെളിയുകയും ചെയ്യും. റൂട്ടുകള്‍ സെറ്റ് ചെയ്യാന്‍ പാനല്‍ ഇന്റര്‍ലോക്കിങ്, റൂട്ട് റിലേ ഇന്റര്‍ലോക്കിങ്, ഇലക്‌ട്രോണിക് ഇന്റർലോക്കിങ് തുടങ്ങി സാങ്കേതിക സംവിധാനങ്ങളാണുള്ളത്.

കൊടികളും ടോർച്ചും – റെയിൽവേ യാത്രകളിലുടനീളം സ്റ്റേഷൻ മാസ്റ്ററും ഗാർഡുകളും ലോക്കോ പൈലറ്റുമാരും  വീശുന്ന കൊടികളും തെളിയിക്കുന്ന ടോർച്ചുകളും നമ്മൾ കാണാറുണ്ട്. സ്റ്റേഷന്‍ മാസ്റ്ററും മറ്റ് ബന്ധപ്പെട്ട റെയില്‍വേ ജീവനക്കാരും ഉപയോഗിക്കുന്ന ചുവപ്പ്, പച്ച നിറങ്ങളിലുള്ള കൊടികള്‍ ട്രെയിനിനെ സംബന്ധിച്ച് പ്രധാന സിഗ്നലുകളാണ്. മുന്നോട്ടു പോകാനുള്ള സിഗ്നലിനു പച്ച കൊടിയാണ് വീശുന്നതെങ്കിൽ ഏതെങ്കിലും ഒരു ചുവന്ന കൊടി ഉയര്‍ന്നുകണ്ടാല്‍ ട്രെയിൻ മുന്നോട്ടു പോകില്ല. കൊടികളാണ് പകൽ ഉപയോഗിക്കുന്നതെങ്കിൽ രാത്രികളില്‍ കൊടികള്‍ക്ക് പകരം എല്‍ഇഡി ടോര്‍ച്ചുകളാണ് ഉപയോഗിക്കുക. ട്രാക്ക് മാന്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ് തുടങ്ങിയവര്‍ ഉപയോഗിക്കുന്ന ഡിറ്റനേറ്ററാണ് മറ്റൊരു സിഗ്നൽ.

പുറപ്പെടാനും ഷണ്ടിങ്ങിനും സിഗ്നലുകൾ – ട്രെയിൻ റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടുവാന്‍ വേണ്ടിയുള്ള സിഗ്‌നലിന്റെ പേര് സ്റ്റാര്‍ട്ടര്‍ എന്നാണ്. സ്റ്റേഷനിലെ എല്ലാ ട്രാക്കുകളും പ്രധാന പാതയില്‍ കൂടിയതിനുശേഷം വീണ്ടുമൊരു സിഗ്‌നല്‍ ഉണ്ടാകും. അതിനെ അഡ്വാന്‍സ് സ്റ്റാര്‍ട്ടര്‍ എന്നാണ് വിളിക്കുന്നത്. ചില വലിയ സ്റ്റേഷനുകളില്‍ ഇവയ്ക്കിടയില്‍ മറ്റൊരു സ്റ്റാര്‍ട്ടര്‍ സിഗ്‌നല്‍ ഉണ്ടാകും. അവസാനം കാണുന്ന സ്റ്റാര്‍ട്ടര്‍ സിഗ്‌നലിനെ ആ സ്റ്റേഷനിലെ ലാസ്റ്റ് സ്റ്റോപ്പ് സിഗ്‌നല്‍ എന്നാണ് പറയുക. ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലല്ലാതെ വെള്ളനിറത്തിലുള്ള സിഗ്‌നലുകള്‍ ചെറിയ പോസ്റ്റുകളില്‍ റെയില്‍വേ സ്റ്റേഷനകത്ത് കാണാം. ഇതിനെ ഷണ്ട് സിഗ്‌നല്‍ എന്നാണ് വിളിക്കുന്നത്. റെയിൽവേ സ്റ്റേഷനിനുള്ളിലെ പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമാകും ഇത് ഉപയോഗിക്കുക.

വീണ്ടും ചർച്ചയായി കവച് – ഓരോ ട്രെയിൻ അപകടങ്ങൾ ഉണ്ടാകുമ്പോഴും കവച് സംവിധാനം എല്ലായിടത്തും നടപ്പാക്കേണ്ടതിനെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയും. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി അവതരിപ്പിച്ച സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കനുള്ള ഓട്ടമാറ്റിക് ട്രെയിൻ പ്രൊട്ടക്‌ഷൻ സിസ്റ്റമാണിത്. 201112ൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജിയാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നത്. 2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതോടെ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം (കവച്) എന്ന പേരിൽ ഈ സംവിധാനത്തെ വിശേഷിപ്പിച്ചു.

2019ൽ കവച് നിർമിക്കുന്നതിനും സ്ഥാപിക്കുന്നതിനും മൂന്നു കമ്പനികൾക്ക് അനുമതി നൽകി. 2022ല്‍ പരീക്ഷണം നടത്തി വിജയിക്കുകയും ചെയ്തു. ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വരുമ്പോൾ അപകടം മുന്നില്‍നില്‍ക്കേ, ലോക്കോ പൈലറ്റിനു ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാവണമെന്നില്ല. ഈ സമയത്ത് കവചിലൂടെ നിശ്ചിത ദൂരപരിധിയില്‍ ട്രെയിനിന്റെ ബ്രേക്കിങ് സിസ്റ്റം ഓട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്‌നോളജി, ജിപിഎസ് സംവിധാനം വഴിയാണ് ഇത് സാധ്യമാവുക. ഒരു ട്രെയിനിന്റെ 380 മീറ്റർ അകലെയായി അടുത്ത ട്രെയിൻ തനിയെ നിൽക്കും. രാജ്യത്തെ എല്ലാ റെയിൽവേ റൂട്ടുകളിലും ഇതു സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെയായി.

കവച് സമ്പൂർണമായാൽ

∙ ട്രെയിൻ നീക്കം കൃത്യമായി നിരീക്ഷിക്കും

∙ അത്യാഹിത സമയങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയിക്കും

∙ ലെവൽ ക്രോസുകൾക്ക് സമീപമെത്തുമ്പോൾ ഓട്ടമാറ്റിക് വിസിലിങ്

∙ ബ്രേക്കിങ് സിസ്റ്റം സ്വയം നിയന്ത്രിക്കും

∙ ഒരേ ദിശയിൽ വരുന്ന ട്രെയിനുകളുടെ കൂട്ടയിടി ഇല്ലാതാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *