മാസങ്ങൾക്കിപ്പുറം ജീവന്റെ തുടിപ്പ്; തീറ്റതേടാൻ അമ്മമാർ പോയ സമയം മഞ്ഞുമല ഇടിഞ്ഞു, കോളനി മൂടി
കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയിൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയും കുഞ്ഞു പെൻഗ്വിനുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള പെൻഗ്വിനുകളായിരുന്നു അമ്മ പെൻഗ്വിനുകളുമായി അകന്നത്. ഇവർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മെയ് മാസത്തിലായിരുന്നു അപകടം. ഹാലി ബേ കോളനിയിലെ പെൻഗ്വിൻ കൂട്ടത്തിനിടയിലാണ് മഞ്ഞുമല വീണത്. വർഷംതോറും പ്രജനനം നടത്തുന്ന 25,000 പെൻഗ്വിനുകൾ ഉൾപ്പെട്ട കോളനിയാണിത്. കടലിൽ ഇരതേടാൻ പോയ അമ്മമാർക്ക് കോളനിയിൽ തിരിച്ചെത്താൻ പറ്റാത്ത വിധം മഞ്ഞുമൂടിയിരുന്നു. ലോകത്തെ ഏറ്റവും ഭാഗ്യമില്ലാത്ത പെൻഗ്വിനുകളായാണ് ഈ കുഞ്ഞുങ്ങളെ കണക്കാക്കിയിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ മേഖലയിൽ നിരീക്ഷണം നടത്തിയ ഗവേഷകര്‍ അമ്പരന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളിൽ നിന്ന് ഈ മേഖലയിൽ ജീവന്റെ തുടിപ്പുണ്ടെന്ന് കണ്ടെത്തി.
മഞ്ഞുമല പൊട്ടിവീണപ്പോൾ നീന്തൽപോലും അറിയാത്ത പെൻഗ്വിൻ കുഞ്ഞുങ്ങൾ മുങ്ങിചത്തിട്ടുണ്ടാകുമെന്നാണ് ഗവേഷകർ കരുതിയിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയുക്കുന്നതായിരുന്നു സാറ്റലൈറ്റ് ദൃശ്യങ്ങള്‍. നിൽപോലും മഞ്ഞുപാളിയില്ലാത്ത ഇടത്ത് കഴിയുന്ന പെൻഗ്വിനുകൾ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മഞ്ഞുപാളിക്കും മഞ്ഞുമലയ്ക്കും ഇടയിൽ ഉണ്ടായ ചെറിയ വിള്ളലിലൂടെ ഇവർ പുറത്തുവന്നതാണെന്ന് ഗവേഷകർ പറയുന്നു. ഇത്തരത്തിൽ എത്ര പെൻഗ്വിനുകൾ രക്ഷപ്പെട്ടെന്ന വിവരം പരിശോധിക്കാൻ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.