‘സാറേ’ ഞങ്ങൾക്കൊരു വീട് തരുമോ ? കുഞ്ഞ് ഇമ്മാനുവലിന് വീട് വയ്ക്കാനായി സുരേഷ് ഗോപി

കോട്ടയം : ‘സാറേ’ ഞങ്ങൾക്കൊരു വീട് തരുമോ ? കുഞ്ഞ് ഇമ്മാനുവലിന്റെ ആവശ്യം അംഗീകരിച്ച് സുരേഷ് ഗോപി. കുഞ്ഞിന് ഒരു വീട് പണിത് നൽകാമെന്നാണ് അദ്ദേഹം വാക്ക് നൽകിയത്. സംസ്‌ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിതഭവനരഹിത ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാതിരുന്നതോടെയാണ്, ഓന്തശേരിൽ ആന്റണി ദേവസ്യയും ഭാര്യ മഞ്ജു ആന്റണിയും മക്കളായ ഇമ്മാനുവലിനും ഇവാനും ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പള്ളിക്കത്തോട്ടിൽ നടന്ന കലുങ്ക് സൗഹൃദസംഗമത്തിലെത്തിയത്. വീടെന്ന സ്വപ്നം കേന്ദ്രമന്ത്രിയോട് അമ്മ മഞ്ജു ആന്റണി പങ്കുവെച്ചപ്പോൾ താൻ നിസ്സഹായനാണെന്ന് സുരേഷ് ഗോപി അറിയിച്ചു. കലുങ്ക്സഭ കഴിഞ്ഞു പിരിയുന്നതിനു തൊട്ടുമുൻപാണ് കാലിന് പരിമിതിയുള്ള മൂന്നാംക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ ‘സാറേ’ എന്ന് വിളിച്ച് ഇതേ ആവശ്യം ഉന്നയിച്ചത്.
കുട്ടിയുടെ സ്ഥിതി മനസ്സിലാക്കിയ കേന്ദ്രമന്ത്രി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മകളുടെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയിൽനിന്ന് വീട് നിർമിക്കുന്നതിനുള്ള നാലുലക്ഷം രൂപ നൽകാമെന്ന് സുരേഷ് ഗോപി വാക്കു നൽകുകയായിരുന്നു.
അമ്പഴതുംകുന്ന് ഭാഗത്ത് കൂട്ടുകുടുംബത്തിലാണ് ഇവർ താമസിക്കുന്നത്. ഒരുവർഷം മുൻപ് സേവാഭാരതി കദളിമറ്റം ഭാഗത്ത് നാലുസെന്റ് സ്‌ഥലം ഇമ്മാനുവലിന്റെ പിതാവ് ആന്റണി ദേവസ്യയുടെ പേരിൽ സൗജന്യമായി നൽകിയിരുന്നു. പഞ്ചായത്തംഗം ആശാ ഗിരീഷിന്റെ ഇടപെടലിലാണ് ഇമ്മാനുവേലിന്റെയും ഇവാന്റെയും വീടെന്ന സ്വപ്‌നം യാഥാർഥ്യമായതെന്ന് ആന്റണി ദേവസ്യയും ഭാര്യ മഞ്ജു ആന്റണിയും പറഞ്ഞു