കണ്ണൂർ ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും.

കണ്ണൂർ: ജില്ലയിലെ നാല് പാലങ്ങൾ ഇന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
പേരാവൂർ മണ്ഡലത്തിലെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ പുനർനിർമ്മിച്ച നീണ്ടുനോക്കി-കൊട്ടിയൂർ പാലത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പാലം പരിസരത്ത് മന്ത്രി നിർവ്വഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവും.
കിഫ്ബി ധനസഹായത്തോടെ 8.06 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച മട്ടന്നൂർ മണ്ഡലത്തിലെ വട്ടോളി പാലത്തിന്റെയും 2023-24 ബജറ്റിൽ ഉൾപ്പെടുത്തി 3.7 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിറ്റാരിപ്പറമ്പ്-വട്ടോളി കൊയ്യാറ്റിൽ മെക്കാഡം റോഡിന്റെയും ഉദ്ഘാടനം മന്ത്രി 11.30 ന് നിർവ്വഹിക്കും.
മട്ടന്നൂർ നഗരസഭയെയും മാങ്ങാട്ടിടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മന്ത്രി നിർവ്വഹിക്കും. കെ കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയാവും.
തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതുക്കിപ്പണിത പത്തായക്കല്ല് പാലം വൈകീട്ട് അഞ്ചിന് മന്ത്രി നാടിന് സമർപ്പിക്കും. കെ.പി മോഹനൻ എം എൽ എ അധ്യക്ഷനാകും. വീതി കുറഞ്ഞ പഴയ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. 2.28 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലത്തിന് 21.20 മീറ്റർ നീളമാണുള്ളത്. ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയുള്ള നടപ്പാതയുൾപ്പെടെ 11 മീറ്ററാണ് വീതി. പാലത്തിന്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ് നൽകിയിട്ടുള്ളത്. പാലത്തിന്റെ ഇരുവശത്തും 100 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകളും കോൺക്രീറ്റ് പാർശ്വഭിത്തിയും ഡ്രെയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.