നിയമസഭാ തെരഞ്ഞെടുപ്പ്: കല്യാണിൽ മത്സരിക്കാനൊരുങ്ങി അഡ്വ.നവീൻ സിങ്
ഡോംബിവ്ലി: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങികഴിഞ്ഞെങ്കിലും അത് നടക്കുന്ന ദിവസത്തെക്കുറിച്ചുള്ള ഒരന്തിമ രൂപം ആധികാരികമായി ഇതുവരെ ഉണ്ടായിട്ടില്ല സ്ഥാനാർഥി നിർണ്ണയ പ്രക്രിയകൾ ഓരോ പാർട്ടികളിലും നടന്നുകൊണ്ടിരിക്കുകയാണ് . അതിനുള്ള മാനദണ്ഡങ്ങൾ പലതാണ്. പക്ഷേ സ്ഥാനാർഥി കുപ്പായം തുന്നിവെച്ചു നടക്കുന്നവർ ഓരോ പാർട്ടികളിലും വർധിച്ചു വരുന്നൂ എന്നതാണ് നിലവിലുള്ള സൂചന.
കല്യാൺ മണ്ഡലത്തിൽ മത്സരിക്കാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് പത്രസമ്മേളനത്തിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് മുൻ കോര്പ്പറേറ്ററും മഹാരഷ്ട്രപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി- നഗരവികസന സെല്ലിൻ്റെ പ്രസിഡന്റുമായ അഡ്വ.നവീൻ സിങാണ് . ഇന്നലെ (ഞായർ )സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുള്ളവർക്കായുള്ള ഒരു സംവാദ പരിപാടി ‘ഡോംബിവ്ലി പത്രക്കാർ സംഘ് ‘സംഘടിപ്പിച്ചപ്പോഴാണ് കല്യാൺ മണ്ഡലത്തിൽ മത്സരിക്കാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് തന്റെ ഇതുവരെയുള്ള സാമൂഹ്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസത്തെയും വിശദീകരിച്ചുകൊണ്ട് സ്വന്തം നയം നവീൻ സിങ് വ്യക്തമാക്കിയത് . ചർച്ചയിൽ പങ്കെടുക്കാനെത്തിയ നവീൻ സിംഗിനെ പത്രക്കാർ സംഘ് പ്രസിഡന്റ് ശങ്കർ ജാദവ്,സെക്രട്ടറി പ്രശാന്ത് ജോഷി,,വൈസ് പ്രസിഡന്റ് മഹാവീർ ബഡാല എന്നിവർ ചേർന്ന് സ്വീകരിച്ചു .
ജന്മം കൊണ്ട് യുപിക്കാരൻ ആണെങ്കിലും തന്റെ കർമ്മമണ്ഡലം മുംബൈ ആണെന്നും ഭാഷയ്ക്കും ദേശത്തിനുമതീതമായുള്ള വ്യക്തിബന്ധങ്ങൾ തനിക്കുണ്ടെന്നും എല്ലാവരുടെയും ആഘോഷങ്ങളിൽ താൻ പങ്കെടുക്കാറുണ്ടെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.പെയിന്റർ ആയും ,ലേബറായും, അക്കൗണ്ടെന്റായും ജോലിചെയ്തിട്ടുണ്ട് .താഴെക്കിടയിൽ നിന്ന് കഷ്ട്ടപ്പെട്ടു മുന്നോട്ട് വന്നതാണ്. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നവരുടെ വിദ്യാഭ്യാസം ഒരുപ്രധാന ഘടകമായി കാണണമെന്നു പറഞ്ഞ നവീൻ സിങ് താൻ മത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലത്തിൽ തന്നെ പരിഗണിക്കണമെന്ന ആവശ്യം MPCC അധ്യക്ഷൻ നാനോപട്ടോളയുടെ മുന്നിൽ വെക്കുന്നതായി അറിയിച്ചു.
“ഇനി വരാൻ പോകുന്നത് മഹാരാഷ്ട്ര മഹാവികാസ് അഗാഡി സർക്കാരാണ് . ഷിൻഡെ സർക്കാർ നഗര വികസനത്തിൽ വളരെ പുറകോട്ടാണ് . കല്യാൺ -ഡോംബിവ്ലിയെ സംബന്ധിച്ചുപറയുകയാണെങ്കിൽ ഇവിടെ നല്ല റോഡില്ല ,ഗാർഡനിലെ ,കളിക്കാനുള്ള മൈതാനമില്ല ,നല്ലൊരു ആശുപത്രിപോലുമില്ല.ഏറ്റവും കൂടുതൽ റോഡ് ടാക്സ് അടക്കുന്നവർ ഇവിടെയുണ്ടെങ്കിലും കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡ് കല്യാൺ -ഡോംബിവ്ലി മേഖലയിലില്ല. കോൺഗ്രസ്സ് സഖ്യ സർക്കാർ അധികാരത്തിൽ ഇതിനെല്ലാം മാറ്റമുണ്ടാകും “കല്യാൺ-ഡോംബിവ്ലി മേഖലയെ ഒരു ഐടിപാർക്കാക്കി മാറ്റുമെന്നും അഡ്വ.നവീൻ സിങ് പറഞ്ഞു.