എംഎൽഎസിൽ ചരിത്രം കുറിച്ച് മെസ്സി :7 മത്സരങ്ങളിൽ ആറാമത് ഇരട്ടഗോൾ (VIDEO)

0
MESSI 1

അമേരിക്ക :മേജർ ലീ​ഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ന്യൂജേഴ്‌സിയിലെ ഹാരിസണിൽ നടന്ന മത്സരത്തിൽ ഇന്‍റര്‍ മിയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ 5-1 ന് പരാജയപ്പെടുത്തി.

സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മെസ്സി കാഴ്ചവച്ചത്. മത്സരത്തില്‍ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി 2024 എംഎൽഎസ് കപ്പ് ഫൈനലിസ്റ്റുകളെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ മയാമി പരാജയപ്പെടുത്തി. ഈ ആഴ്ചയുടെ തുടക്കത്തിൽ സിൻസിനാറ്റിയോട് 3-0 ന് തോറ്റതിന് ശേഷം മയാമിക്ക് നിർണായകമായ സമയത്താണ് ഇന്നത്തെ വിജയം വരുന്നത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മെസ്സിയുടെ ഇരട്ടഗോളുകള്‍ പിറന്നത്. ടെലാസ്കോ സെഗോവിയയും ഇരട്ടഗോളുകളും ജോർഡി ആൽബയും ഗോളടിച്ചപ്പോള്‍ മയാമി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ അലക്സാണ്ടർ ഹാക്കിലൂടെ ന്യൂയോർക്ക് റെഡ് ബുൾസായിരുന്നു ലീഡ് നേടിയത്. എന്നാൽ പത്ത് മിനിറ്റിനുശേഷം ജോർഡി ആൽബ നേടിയ ശക്തമായ ഒരു ഗോൾ മത്സരത്തെ സമനിലയിലാക്കി.

തുടർന്ന് സെഗോവിയ കളിയുടെ ഗതി മാറ്റി. 27-ാം മിനിറ്റിൽ മയാമിയെ താരം ലീഡിലേക്ക് നയിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അവസാനത്തിൽ സ്റ്റോപ്പേജ് സമയത്ത് താരം തന്‍റെ ഗോൾ ഇരട്ടിയാക്കുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റിലാണ് മെസ്സി ആദ്യ ഗോൾ കണ്ടെത്തുന്നത്. പിന്നാലെ ന്യൂയോർക്കിന്‍റെ പ്രതിരോധത്തെ തകർത്ത് 75-ാം മിനിറ്റിലും താരം വലകുലുക്കി.മെയ് 29ന് നടന്ന മൊൺട്രീലിനെതിരായ മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടിയാണ് മെസ്സി ചരിത്ര നേട്ടത്തിലേക്ക് കാൽവെച്ചത്. തുടര്‍ന്ന് കൊളംബസ്, വീണ്ടും മോൺട്രിയൽ, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ, നാഷ്‌വില്ലെ എന്നിവയ്‌ക്കെതിരെ ഇരട്ടഗോളുകള്‍ താരം നേടി. 12 വിജയങ്ങളും അഞ്ച് സമനിലകളും നാല് തോൽവികളുമായി 41 പോയിന്‍റുകളോടെ ഇന്‍റര്‍ മയാമി ടൂര്‍ണമെന്‍റില്‍ അഞ്ചാം സ്ഥാനത്താണ്. ഇതോടെ എം‌എൽ‌എസ് സീസണിൽ മെസ്സിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു. 2023ല്‍ ടീമിൽ ചേർന്നതിനുശേഷം മെസ്സി ഇന്‍റര്‍ മയാമിക്കായി ഇതുവരെ 40 ഗോളുകളാണ് നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *