മെസിയുടെ പേരില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍ : ഹൈബി ഈഡന്‍
കൊച്ചി: മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണം. കലൂര്‍ സ്‌റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ട്. കലൂര്‍ സ്‌റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു.കലൂര്‍ സ്‌റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം മുറികേസിലെ പ്രതികളെ സ്‌പോണ്‍സറാക്കിയത്.
ദുരുഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും എറണാകുളം എം പി ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. സ്‌റ്റേഡിയം നവീകരണത്തിനായി ജിസിഡിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്‌റ്റേഡിയം കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും ജിസിഡിഎ ചെയര്‍മാന്‍ രാജിവെക്കണമെന്നും ഷിയാസ് പറഞ്ഞു.സ്‌റ്റേഡിയത്തെക്കുറിച്ചും സ്‌പോണ്‍സറെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മെസിയും അര്‍ജന്റീനയും ഈ വര്‍ഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ, നവീകരണത്തിനെന്ന പേരില്‍ കൊച്ചി സ്‌റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്? ഇനി പഴയപടി എപ്പോഴാകും? കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്? സ്‌പോണ്‍സറെ കണ്ടെത്തിയത് എങ്ങെനെ? തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്.
