ഹൃദയസ്പർശിയായ പുനരാരംഭം: മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസ്സുകൾ വീണ്ടും തുടങ്ങി

0

മേപ്പാടി∙ ഹാഷ് കളർ യൂണിഫോം ഇട്ട കുട്ടികൾക്കിടയിൽ അങ്ങിങ്ങായി കളർ വസ്ത്രം ധരിച്ച ചില കുട്ടികൾ. പിറന്നാൾ ദിനമായതുകൊണ്ടോ മറ്റെന്തെങ്കിലും വിശേഷമായതുകൊണ്ടോ അല്ല അവർ കളർ വസ്ത്രം ധരിച്ചു വന്നത്. യൂണിഫോം ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടുപോയ ചൂരൽമല ഉരുൾപൊട്ടലിന്റെ ഇരകളാണവർ. മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ തുറന്നപ്പോഴാണ് ഇങ്ങനെ കളർ വസ്ത്രധാരികളായ ചില കുട്ടികൾ എത്തിയത്. ദുരിതാശ്വാസ ക്യാംപിൽനിന്നു ലഭിച്ചതാണു പലരുടെയും വസ്ത്രങ്ങൾ. ദുരിതബാധിതർക്കായി 24 ദിവസം ക്യാംപ് പ്രവർത്തിച്ചത് മേപ്പാടി സ്കൂളിലാണ്. ക്യാംപ് പിരിച്ചുവിട്ട് ഇന്ന് വീണ്ടും ക്ലാസുകൾ ആരംഭിച്ചു.

മേപ്പാടി സ്കൂളിലെ മൂന്നു വിദ്യാർഥികളാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 36 കുട്ടികൾ ദുരന്തത്തിന്റെ ഇരകളാണ്. ബന്ധുക്കൾ നഷ്ടമായവർ ഉൾപ്പെടെ നിരവധിപ്പേർ വേറെയും. ഇരയായ കുട്ടികളിലൊരാളാണ് പ്ലസ് ടു വിദ്യാർഥിനി ഫർഷാന. യൂണിഫോം ഉൾപ്പെടെ സകലതും ഫർഷാനയ്ക്കു നഷ്ടമായി. ക്ലാസിലെ അവസാന ബെഞ്ചുകളിലൊന്നിൽ ഇരുന്ന ഫർഷാന അധികം സമയവും മുഖം പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ജീവനും കൊണ്ടു രക്ഷപ്പെട്ടു. ഫർഷാനയെപ്പോലെ നിരവധിപ്പേർ മേപ്പാടി സ്കൂളിലുണ്ട്. മിക്കവരും കളർ ഡ്രസിൽ വന്നതിനാൽ അവരെ തിരിച്ചറിയാൻ എളുപ്പമാണ്.

വെള്ളാർമല ഹയർസെക്കൻഡറി സ്കൂളും മുണ്ടക്കൈ എൽപി സ്കൂളും അടുത്ത തിങ്കളാഴ്ച മുതൽ മേപ്പാടി സ്കൂളിലും സ്കൂളിനോടുചേർന്നുള്ള കമ്യൂണിറ്റി ഹാളിലുമായി ആരംഭിക്കും.

രാവിലെ അനുശോചന യോഗത്തോടെയാണ് മേപ്പാടി സ്കൂളിൽ ക്ലാസുകൾ തുടങ്ങിയത്. വെള്ളാർമല സ്കൂളിൽനിന്നു വരുന്ന കുട്ടികളെ ചേർത്തുപിടിക്കണമെന്ന് അധ്യാപകർ കുട്ടികൾക്കു നിർദേശം നൽകി. നമ്മുടെ ഇടയിലും നിരവധിപ്പേർ ദുരന്തത്തിനിരയാണ്. എന്നാൽ വെള്ളാർമല സ്കൂളിൽനിന്നു വരുന്ന ഭൂരിഭാഗവും ദുരന്തത്തെ നേരിട്ടവരാണ്. അതിനാൽ അവരെ തിരികെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരേണ്ടതു നമ്മുടെ കടമയാണെന്ന് അധ്യാപകർ കുട്ടികളോടു പറഞ്ഞു. പ്രിൻസിപ്പൽ ജെസി പെരേര, പിടിഎ പ്രസിഡന്റ് പി.ടി.മൻസൂർ എന്നിവർ സംസാരിച്ചു.

ചൂരൽമല സ്കൂളിലെ അമ്പതോളം വിദ്യാർഥികളാണ് ഉരുൾപൊട്ടലിൽ മരിച്ചത്. താത്കാലികമായി ചൂരൽമല സ്കൂൾ മേപ്പാടി സ്കൂൾ കെട്ടിടത്തിൽ ആരംഭിക്കും. അതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. മുണ്ടക്കൈ എൽപി സ്കൂൾ കമ്മ്യൂണിറ്റി ഹാളിലും ആരംഭിക്കും. ചൂരൽമല സ്കൂളിലെ ഉപയോഗിക്കാൻ സാധ്യമായ ഡെസ്കും ബെഞ്ചും കഴുകി വ‍ൃത്തിയാക്കി മേപ്പാടിയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ബാക്കി ശുചീകരണ പ്രവർത്തകൾ ഉൾപ്പെടെ നടന്നുവരുന്നു. ക്യാംപ് പ്രവർത്തിച്ച മേപ്പാടി സെന്റ് ജോസഫ് സ്കൂളിലും ഇന്നാണ് ക്ലാസുകൾ തുടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *