മെഗാ തിരുവോണ പൂക്കളമിടലിന് ഇന്ന് തുടക്കം : CSMTയിൽ ‘അമ്മ’ യുടെ ജനകീയ പൂക്കളം
മുംബൈ : മുംബൈയുടെ വിവിധഭാഗങ്ങളിൽനിന്ന് പൂക്കളുമായി എത്തിച്ചേരുന്നവർ ഒന്നിച്ചിരുന്നുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശഷം പൂക്കളരിഞ്ഞും മറ്റു തയ്യാറെടുപ്പുകൾ നടത്തിയും ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ കാഴ്ചക്കാരാകുന്ന തിരുവോണപ്പൂക്കളം ഒരുക്കും . സാമൂഹ്യ പ്രതിബദ്ധയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ജനകീയമായ ‘ആൾ മുംബൈ മലയാളി അസ്സോസിയേഷൻ (അമ്മ )എന്ന സംഘടനയാണ് 2015 മുതൽ ഈ പൂക്കളം ഒരുക്കുന്നത് .ഇന്നു രാത്രി പത്തുമണിയോടെ പൂക്കളമിടൽ ആരംഭിക്കും. തിരുവോണ ദിനമായ സെപറ്റംബർ 15 ന് രാവിലെ ഏഴു മണി മുതൽ പൊതുജങ്ങൾക്കുള്ള ഒരു വിസ്മയകാഴ്ചയായി പൂക്കളം മാറും.
നാൽപ്പതു ലക്ഷത്തിലധികം യാത്രക്കാർ എത്തിച്ചേരുന്ന സിഎസ് ടി എം സ്റ്റേഷനിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരുക്കിയപൂക്കളം കാണാൻ ഓരോ മിനിറ്റിലും എണ്ണുറ്റി അൻപതോളം പേർ എത്തി ചേർന്നിരുന്നു എന്നതാണ് റെയിൽവേയുടെ കണക്ക് .പൂക്കളം കാണുന്നതിനു വേണ്ടി വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തിനു വേണ്ടി സംഘടന നിർമ്മിച്ച പൂക്കളം രണ്ടു ദിവസത്തിനു ശേഷം മാത്രമാണ് അവിടെ നിന്നും മാറ്റിയിരുന്നത് .ഈ വർഷം തിരുവോണദിനം ( നാളെ ) ഞായറാഴ്ച്ച ആയതുകൊണ്ട് തന്നെ അത്രയും ആളുകൾ കാണാനുള്ള സാധ്യത കുറവായിരിക്കും. മോട്ടോർമാൻമാരുടെയും സ്റ്റേഷൻമാസ്റ്ററുടെയും ചേമ്പറിന് മുന്നിലായാണ് പൂക്കളം ഒരുക്കുക.
2008 ൽ പാക്കിസ്ഥാൻ ഭീകരരുടെ വെടിയേറ്റ് സിഎസ്‌ടി സ്റ്റേഷനിൽ മരണപ്പെട്ടവർക്കുള്ള സമർപ്പണമായാണ് ഈ ഭീമൻ പൂക്കളം ഇതേ സ്‌റ്റേഷനിൽ ഒരുക്കുന്നത് എന്ന് ‘അമ്മ’യുടെ പ്രസിഡന്റും രാഷ്ട്രീയ -സാമൂഹ്യ മണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തികൂടിയുമായ ജോജോതോമസ് അറിയിച്ചു. മനുഷ്യരെയെല്ലാം ഒന്നായ് കണ്ടിരുന്ന നല്ലൊരു ഭരണവ്യവസ്ഥിതിയുടെ ഓർമ്മപുതുക്കലും , രാജ്യത്തിന്റെ ബഹുസ്വരതയുടേയും മാനവീയതയേയും പ്രതീകവൽക്കരണവുമാണ് ഈ പൂക്കളത്തിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശമെന്നും ജോജോ തോമസ് പറഞ്ഞു.
നാളെ നടക്കുന്ന പ്രദർശന ഉദ്ഘാടന ചടങ്ങിൽ മധ്യ റെയിൽവേ ജനറൽ മാനേജരടക്കം റെയിൽവേ അധികാരികളും മറ്റ് രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും അതിഥികളായി പങ്കെടുക്കും. പൂക്കളം കാണാൻ എല്ലാവരെയും CSMT സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസ്സിയേഷൻ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് : 9029944223