മീനമാസപൂജകൾ,മീന-ഉത്ര മഹോത്സവം ശബരിമല നട തുറന്നു.
പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. മീനമാസ പൂജയിൽ പങ്കെടുക്കാനായി നിരവധി ഭക്തർ സന്നിധാനത്തെത്തി. പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതോടെ ഭക്തർ പതിനെട്ടാം പടികൾ കയറി ദർശനം നടത്തി.
ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. മീനം ഒന്നായ നാളെ പുലർച്ചെ 4.30-ന് പള്ളിയുണർത്തും. അഞ്ചിന് നിർമാല്യ ദർശനം, അഭിഷേകം എന്നിവ നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകവും ഉണ്ടായിരിക്കും. 7.30-ന് ഉഷപൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ. ഒന്നിന് നടയടയ്ക്കും.ഈ മാസം 16-നാണ് ഈ വർഷത്തെ പൈങ്കുനി ഉത്രം ഉത്സവം നടക്കുന്നത്. രാവിലെ 8.30-നും ഒമ്പതിനും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളിൽ ഉത്സവബലിയും ഉത്സവബലിദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും.