മെഡിസെപ്പ് പൊളിച്ചു പണിയും

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.
പദ്ധതി താളം തെറ്റിയതോടെയാണ് നടപടി. പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി.പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും.
പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് മെഡിസെപ്പ് പദ്ധതി കൊണ്ടു വരുന്നത് 2022 ജൂലൈ ഒന്നിന്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേര്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്ന വാഗാദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സര്‍ക്കാർ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളുടെ പെരുമഴ. പാക്കേജുകളുടെ പേരില് ചൂഷണം എന്നതായിരുന്നു പ്രധാന വിമര്‍ശനം.
ആനുകൂല്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല, ഒന്നിലധികം അസുഖങ്ങള്‍ക്ക് ഒരേ സമയം ചികിത്സ ലഭിക്കുന്നില്ല എന്നിങ്ങനെ പരാതികൾ നീണ്ടു. മറുവശത്ത് സ്പെഷ്യാലിറ്റി ആശുപത്രികളും പരാതിക്കെട്ടഴിച്ചു. പല ചികിത്സകൾക്കും സര്‍ക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വന്‍കിട ആശുപത്രികളും പിന്‍മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതിനിടെ വന്‍നഷ്ടമാണെന്നും പ്രീമിയം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇനന്‍ഷുറൻസ് കമ്പനിയും രംഗത്ത് വന്നതോടെ പദ്ധതിതാളം തെറ്റി.