‘മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രം; വയനാട്ടുകാർ യാചിക്കുന്ന അവസ്ഥ വരരുത്’: പ്രിയങ്ക ഗാന്ധി

0

 

ബത്തേരി∙ യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേണിച്ചിറയിൽ നടന്ന കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ‘‘വയനാട്ടിൽ മെച്ചപ്പെട്ട റോഡുകൾ ഉണ്ടാകേണ്ടതുണ്ട്. മെച്ചപ്പെട്ട ഭക്ഷ്യ സംസ്കരണ സംവിധാനങ്ങളും സംഭരണ കേന്ദ്രങ്ങളും ഉണ്ടെങ്കിൽ ജനങ്ങൾക്ക് അതുവഴി നല്ല വരുമാനം ലഭിക്കും.

വന്യജീവി ആക്രമണങ്ങൾ മൂലം ക്ഷീരകർഷകർക്ക് അവരുടെ കാലികളെ നഷ്ടപ്പെടുകയാണ്. കർഷകരുടെ വിളകൾ നശിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് ആറു മാസമായി. വയനാടിന്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാൽ അവരുടെ അവകാശങ്ങൾ ഓരോ ദിവസം കഴിയും തോറും കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്. ആദിവാസികളുടെ ഭൂമികൾ കോർപ്പറേറ്റുകൾക്കു പതിച്ചു നൽകി. മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രമാണ് വയനാട്ടിലുള്ളത്. രാത്രി യാത്ര നിരോധനം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

മെഡിക്കൽ കോളജിനും ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങൾക്കും വേണ്ടി വയനാട്ടുകാർ യാചിക്കുന്ന അവസ്ഥ ഉണ്ടാകരുത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തി തൊഴിലുകൾ സൃഷ്ടിക്കുന്നതിനു പകരം കേന്ദ്രസർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്നു. രാജ്യത്തെ യഥാർഥ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും ഏറ്റവും ഉയരത്തിലെത്തി. വയനാട് ദുരന്തത്തിൽ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല.

മഹാദുരന്തത്തെ പോലും രാഷ്ട്രീയവൽക്കരിച്ചു’’ – പ്രിയങ്ക പറഞ്ഞു. വയനാട്ടുകാരുടെ സ്നേഹത്തെ പ്രകീർത്തിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. വ്യാഴാഴ്ച വരെയാണ് പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി വലിയ പ്രതിസന്ധിയിലായപ്പോൾ ഒപ്പം നിന്നത് വയനാട്ടുകാർ മാത്രമാണെന്നാണ് പ്രസംഗത്തിൽ പറയുന്ന പ്രധാന കാര്യം. മാനന്തവാടിയിൽ അര മണിക്കൂറോളം പ്രിയങ്ക പ്രസംഗിച്ചെങ്കിലും സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. എന്നാൽ നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിക്കാൻ മടിച്ചതുമില്ല.

ഇരുപതു മിനുറ്റോളം വയനാട്ടുകാരുടെ സ്നേഹത്തെക്കുറിച്ചും സഹനത്തെക്കുറിച്ചെല്ലാമാണു സംസാരിച്ചത്. വയനാട്ടുകാർ കുടുംബമാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ പ്രിയങ്കയും ആവർത്തിച്ചു. രണ്ടാമതായി പ്രസംഗിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കയുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുന്നതിനാണ് കൂടുതൽ സമയം ചെലവഴിച്ചത്. മോദിയെക്കുറിച്ചും കേന്ദ്ര സർക്കാരിനെക്കുറിച്ചും പ്രിയങ്ക പറഞ്ഞതിനാൽ കൂടുതൽ ഒന്നും താൻ പറയുന്നില്ലെന്നായിരുന്നു വിശദീകരണം.

പ്രിയങ്ക പോകുന്ന വഴിയിലെല്ലാം സ്ത്രീകളും യുവതികളും കാത്തു നിൽക്കുകയാണ്. പല സമ്മേളന സ്ഥലങ്ങളിലും പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകൾ എത്തുന്നുവെന്നതും മുൻ തിരഞ്ഞെടുപ്പുകളിൽ കാണാത്ത കാഴ്ചയാണ്. ഇന്നലെ പ്രചാരണ പരിപാടികൾ നടന്ന മാനന്തവാടി, വാളാട്, കോറോം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുടേയും കുട്ടികളുടേയും സാന്നിധ്യമായിരുന്നു ഏറെ ശ്രദ്ധേയമായത്. പതിനൊന്ന് മണിക്ക് മാനന്തവാടിയിൽ തുടങ്ങേണ്ടിയിരുന്ന പരിപാടി തുടങ്ങിയത് ഒരു മണിക്കാണ്. പത്തുമണി മുതൽ തന്നെ മാനന്തവാടിയിൽ ആളുകൾ പൊരിവെയിലത്ത് കാത്തു നിൽക്കുകയായിരുന്നു.

ഉച്ചതിരിഞ്ഞ് വാളാട് എത്തിയപ്പോൾ കനത്ത മഴ ആരംഭിച്ചു. ഒട്ടും ആവേശം ചോരാതെ അവിടെയും ആളുകൾ കാത്തു നിൽക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാൾ ചിട്ടയോടെയാണ് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. എംപിമാരം എംഎൽഎമാരും നേരിട്ടാണ് ഭവന സന്ദർശനം ഉൾപ്പെടെ നടത്തുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു പ്രത്യേകം നിരീക്ഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ മുൻപ് ഒരു തിരഞ്ഞെടുപ്പിലും യുഡിഎഫ് ഇത്ര ചിട്ടയോടെ പ്രവർത്തിച്ചിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *