ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
കൊല്ലം : ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തു. കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനച്ചിലഴികത്ത് വീട്ടിൽ ബാബു മകൻ അരുൺ(29), കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനവിള വടക്കതിൽ വീട്ടിൽ രമണൻ മകൻ കരുമാടി എന്ന രാഹുൽ(26) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം എ.സി.പി ഷെരീഫിന്റെ മേൽനോട്ടത്തിലുള്ള കൊല്ലം സബ്ബ് ഡിവിഷൻ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെ ശനിയാഴ്ച അർത്ഥരാത്രിയോടെ ഇവർ കൊല്ലം റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നും പിടിയിലാവുകയായിരുന്നു.
തുടർന്ന് ദേഹ പരിശോധന നടത്തിയപ്പോൾ അരുൺ അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് കൊല്ലം ജില്ലാ അശുപത്രിയിൽ എത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. 3.62 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. നിരവധി മോഷണ കേസുകൾ അടക്കമുളള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ, രാഹുലിനെതിരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മുമ്പ് നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും എസ്.ഐ മാരായ രഞ്ജു, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
