കാറിൽ കൊണ്ടുവന്ന 104 ഗ്രാം എംഡിഎംഎയുമായി സ്‌കൂൾ മാനേജരടക്കം രണ്ടുപേർ പിടിയിൽ
മലപ്പുറം : ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവന്ന 104 ഗ്രാം എംഡിഎംഎയുമായി സ്‌കൂൾ മാനേജരടക്കം രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തിരുരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ഷമീൽ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരാണ് അങ്ങാടിപ്പുറത്ത് പിടിയിലായത്. മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി 12ന് പൊലീസ് അങ്ങാടിപ്പുറം മേൽപാലത്തിൽ കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് പൊലീസ് ജീപ്പ് വിലങ്ങിട്ട് കാർ പരിശോധിച്ചപ്പോഴാണ് കാറിന്‍റെ എൻജിന്‍റെ താഴെ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. മൊറയൂരിലെ എൽപി സ്‌കൂൾ മാനേജരാണ് പിടിയിലായ ദാവൂദ് ഷമീൽ. ബംഗളൂരുവിലും നാട്ടിലും ഇയാൾ ഇവന്‍റ് മാനേജ്മെന്‍റും നടത്തുന്നുണ്ട്. ദാവൂദ് ഷമീലിന്റെ കൂടെയാണ് ഷാനിദ് ജോലി ചെയ്യുന്നത്. ബംഗളൂരുവിൽ ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ഭാഗമായി പോകുന്നതിന്‍റെ മറവിലാണ് പ്രതികൾ ലഹരി കടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
മുമ്പും പലതവണ ഇതേ രീതിയിൽ ലഹരി കടത്തിയതായി പ്രതികൾ സമ്മതിച്ചു. ബംഗളൂരുവിൽ നിന്ന് ഏജന്‍റുമാർ മുഖേന സിന്തറ്റിക് മയക്കുമരുന്ന് വാങ്ങി നാട്ടിലേക്ക് ചെറുവാഹനങ്ങളിലും കാരിയർമാർ മുഖേനയും കടത്തി വൻലാഭം നേടുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പെരിന്തൽമണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, എസ്ഐ ഷിജോ സി. തങ്കച്ചൻ, ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാർകോട്ടിക് സ്‌ക്വാഡ്, അഡീഷനൽ എസ്ഐ സതീശൻ എന്നിവരടങ്ങുന്ന സംഘമാണ് കാർ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.