കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തില്‍ ഡി ആന്‍ഡ് സി പരിശോധനക്കായി രാവിലെ ആറു മണിക്ക് എത്തിയതായിരുന്നു ശാലിനി.ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തില്‍ എത്തുകയും ഗുളിക നല്‍കിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയില്‍ ആകുകയും ചെയ്തു.
പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.
