MBBS പ്രവേശനം; ആദ്യഘട്ട കണക്കുകള്‍ പുറത്ത് വിട്ട് MCC

ന്യുഡൽഹി : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് യുജി 2025 കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15% ഓൾ ഇന്ത്യ ക്വാട്ട (എഐക്യു) യിലും മറ്റ് ക്വാട്ടകളിലും ലഭ്യമായ സീറ്റുകളുടെ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓൺലൈൻ കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് ആരംഭിച്ചു, ജൂലൈ 28 വരെ ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും ലഭ്യമാണ്.
ആദ്യ റൗണ്ടില്‍ കേന്ദ്രീകൃത കൗണ്‍സിലിങിന് വേണ്ടി 22,951 എംബിബിഎസ് സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 12,302 സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളാണ്. 10649 സീറ്റുകള്‍ സ്വകാര്യ കോളജുകളിലോ കല്‍പ്പിത സര്‍വകലാശാലകളിലോ ആണ് ലഭ്യമായിട്ടുള്ളത്. നേരത്തെ പുറത്ത് വിട്ട കണക്കുകളില്‍ സര്‍ക്കാര്‍ സീറ്റുകളുടെ എണ്ണം 11698 ആയിരുന്നു. ഇതാണ് പിന്നീട് 604 സീറ്റുകള്‍ കൂടി വര്‍ദ്ധിച്ച് 12302ലേക്ക് എത്തിയത്.ആദ്യം പുറത്ത് വിട്ട കണക്കുകളില്‍ മൂന്ന് എയിംസുകള്‍ ഒഴിവാക്കപ്പെട്ടിരുന്നതാണ് ഇതിന് കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനായ ദേവ് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.
ബിലാസ്‌പൂര്‍, ഗോരഖ്‌പൂര്‍, ഗുവാഹതി എയിംസുകളെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഒപ്പം ഡല്‍ഹി എയിംസിലെ ഏഴ് എന്‍ആര്‍ഐ സീറ്റുകള്‍ പുതിയതായി പട്ടികയില്‍ കാട്ടിയിരുന്നു. ഇതോടെ നേരത്തെ പുറത്ത് വിട്ട പട്ടികയിലുണ്ടായിരുന്ന 1900 സീറ്റുകളില്‍ 357 സീറ്റുകളുടെ കൂടി വര്‍ദ്ധന ഉണ്ടായി. ഇക്കുറി എയിംസുകളില്‍ 2257 സീറ്റുകള്‍ പ്രവേശനത്തിന് ലഭ്യമാണ്.
ഇഎസ്ഐകോര്‍പ്പറേഷനുകളില്‍ 446 സീറ്റുകളെന്നാണ് കാട്ടിയിരിക്കുന്നത്. ഈ സീറ്റുകള്‍ ഇന്‍ഷ്വറന്‍സ് ക്വാട്ടയില്‍ വരുന്നവര്‍ക്ക് നീക്കി വച്ചിരിക്കുകയാണ്. അതേസമയം ഇഎസ്ഐസികളിലെ 189 സീറ്റുകള്‍ അഖിലേന്ത്യ തലത്തിലെ 15 ശതമാനം ക്വാട്ടയില്‍ നിന്ന് നികത്തും. അങ്ങനെ ഇഎസ്‌ഐസികളില്‍ മൊത്തം 635 സീറ്റുകള്‍ ലഭ്യമാണ്. സമാനമായി കാരക്കലിലെയും പുതുച്ചേരിയിലെയും ജിപ്‌മറുകളിലും സീറ്റ് വര്‍ദ്ധന ഉണ്ട്. നേരത്തെ 179 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 64 സീറ്റുകള്‍ കൂടി ലഭ്യമാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ 1014 സീറ്റുകളാണ് കാണിക്കുന്നത്. 138 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് ഇത് 1152 ആകും. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ എണ്ണം 8015 ആണ്. ആദ്യം പുറത്ത് വിട്ട പട്ടികയില്‍ ഇത് 8159 ആയിരുന്നു. ഇതില്‍ കുറവ് വന്നിരിക്കുകയാണ്.