നിയമവും ചട്ടവും പാലിച്ചാണെങ്കിൽ ഏതു സേവനവും വിരൽത്തുമ്പിൽ : മന്ത്രി എം ബി രാജേഷ്

0
ID MB

ഇടുക്കി : നിയമവും ചട്ടവും പാലിച്ചാണെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഏതു സേവനവും വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇടുക്കി ജില്ലാ പഞ്ചായത്ത് ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിൻ്റെയും കൊടികുത്തി ചെക്ക് ഡാമിൻ്റെയും കൊക്കയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിപ്ലവകരമായ മാറ്റം വന്നിട്ടുള്ള കാലയളവാണിത്. സേവനങ്ങൾ ഓൺലൈനാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട സ്ഥിതി മാറി. ജീവിതത്തിൻ്റെ സമസ്ത മേഖലയിലും സേവനങ്ങൾ ഓൺലൈൻ ആണ്. ഇതേ തുടർന്നാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ സഹകരണത്തോടെ കെ സ്മാർട്ട് സോഫ്റ്റ് വെയറും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്. മൊബൈൽ ഫോൺ വഴി  ലോകത്തെവിടെ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സേവനം ലഭ്യമാക്കാം.

കഴിഞ്ഞ ഒരു വർഷത്തിനിടെ 1.65 ലക്ഷം വിവാഹ രജിസ്ട്രേഷൻ നടന്നതിൽ 70937 രജിസ്ട്രേഷൻ കെ- സ്മാർട്ട് വഴിയാണ് നടന്നത്. വീഡിയോ കെ – വൈസി വഴിയുള്ള വിവാഹ രജിസ്ട്രേഷൻ കേരളത്തിൻ്റെ ഡിജിറ്റൽ ഗവേണൻസിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. 81212 കെട്ടിട പെർമിറ്റ് നൽകിയത് 30 സെക്കൻ്റിൽ താഴെ സമയത്തിനുള്ളിലാണ്. പ്ലാൻ നിയമവും ചട്ടവും അനുസരിച്ചാണെങ്കിൽ നിമിഷങ്ങൾക്കകം പെർമിറ്റ് ലഭിക്കും. ഓട്ടോമാറ്റിക് വെരിഫികേഷനും ഓട്ടോമാറ്റിക് അപ്രുവലും വഴിയാണ് പെർമിറ്റ് നൽകുന്നത്.

ജനന സർട്ടിഫിക്കറ്റ് മുതൽ മരണ സർട്ടിഫിക്കറ്റ് വരെ എല്ലാ രേഖയും തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ട് പോകാതെ ലഭിക്കും. അടുത്ത രണ്ടു വർഷത്തിനിടെ ഒരു സേവനങ്ങൾക്കും ഒരു തദ്ദേശ സ്ഥാപനത്തിലും നേരിട്ട് ചെല്ലേണ്ട ആവശ്യമില്ലാത്ത സ്ഥിതി വരുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതി വഴി 464304 വീടുകൾ നിർമ്മിച്ച് നൽകി. 133595 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ആകെ 598000 വീടുകളാണ് നൽകുന്നത്. 18885.58 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 7100 കോടി ഹഡ്കോ വായ്പയും 5600 കോടി ബജറ്റ് വിഹിതവും 5600 കോടി തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും 2000 കോടി കേന്ദ്ര വിഹിതവുമാണ്. കൊച്ചിയിൽ ചേരിയിൽ കഴിഞ്ഞ 394 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 13 നിലകളുള്ള ഫ്ളാറ്റ് നിർമ്മിച്ചു നൽകി.ചില നഗരങ്ങൾ ചേരിയിലെ നരക ജീവിതം ലോകം കാണാതിരിക്കാൻ ചേരികൾ മറയ്ക്കുമ്പോൾ കേരളം അവർക്കായി ഫ്ളാറ്റുകൾ കെട്ടിപ്പൊക്കുന്നു. ഇതാണ് ബദൽ മാതൃക. ഇതാണ് നവകേരളം.

കേരളപ്പിറവി ദിനത്തിൽ അതി ദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ലോകത്ത് ചൈന കഴിഞ്ഞാൽ അതിദരിദ്ര്യം ഇല്ലാതാക്കിയ രണ്ടാമത്തെ പ്രദേശമായി കേരളം മാറുകയാണ്. 64006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്. ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനുകൾ തയാറാക്കിയാണ് നാലു വർഷത്തിനുള്ളിൽ ഇതു സാധ്യമാക്കിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾക്ക് 70000 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇതിൽ 41000 കോടി വികസന ഫണ്ടും 18000 കോടി മെയിൻ്റനൻസ് ഗ്രാൻ്റും 11000 കോടി ജനറൽ പർപ്പസ് ഫണ്ടുമാണ്.

കായിക മേഖലയിലെ ഗൗരവമായ ഇടപെടലിൻ്റെ തുടർച്ചയാണ് ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയം. നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് ഇടുക്കി. ഗ്രാമീണ മേഖലയിലെ
കായിക പ്രതിഭകൾക്ക് മികച്ച ശാസ്ത്രീയ പരിശീലനം ലഭ്യമാക്കിയാൽ നല്ല അത് ലറ്റുകളെ സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നിരവധി നിയമക്കുകളെ മറികടന്ന് സ്റ്റേഡിയം യാഥാർഥ്യമാക്കാൻ പ്രയത്നിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി. ബിനുവിനെ മന്ത്രി അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *