ഇന്ന് പെസഹ വ്യാഴം
ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴമെന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.