ദേശീയ താളവാദ്യോത്സവം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു

തൃശൂർ :കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നില്ക്കുന്നദേശീയ താളവാദ്യോത്സവം അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ഒരു കലാകാരന് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് തബല മാന്ത്രികന് ഉസ്താദ് സാക്കിര്‍ ഹുസൈനെന്ന് ചെയര്മാന് പറഞ്ഞു.ഒരു മാസം അമേരിക്കയില്‍ അദ്ദേഹത്തിന്റെ ഒപ്പം വിവിധയിടങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് ആ വലിയ കലാകാരന്റെ ഹൃദയത്തിലെ ആര്‍ദ്രത നേരിട്ടറിയാന്‍ സാധിച്ചതെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞു.മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ദേശീയ താളവാദ്യോത്സവം അക്കാദമി ചെയര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തപ്പ് കൊട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. .തപ്പാട്ടം കലാകാരനായ തമിഴിനാട്ടില്‍ നിന്നുള്ള ഡേവിഡും ചെയര്‍മാനൊപ്പം ചേര്‍ന്ന് തപ്പ് കൊട്ടി. അക്കാദമി വാദ്യോത്സവം തബല മാന്ത്രികൻ സാക്കിർ ഹുസൈനാണ് സമർപ്പിച്ചിരിക്കുന്നത്.
കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്.അജയന് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി ഹരിനാരായണന് സാക്കിര്‍ ഹുസൈന് അനുസ്മരണം നടത്തി.കരിവെള്ളൂര്‍ മുരളി ആമുഖപ്രഭാഷണം നടത്തി. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന് താളവാദ്യോത്സവം വിശദീകരണം നടത്തി. പെരുവനം കുട്ടൻ മാരാർ ,കേരള ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.