റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന് ദാരുണന്ത്യം
കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34)ആണ് മരണപെട്ടത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തവെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്.പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്.
കാട്ടാന പാഞ്ഞടുക്കാവെ കുതറിയോടുന്നതിനിടെ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിൻ്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം ഡൽഹിയിൽ ജോലി മുകേഷ് ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്ത് വരികയായിരുന്നു.മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.