പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യം വിൽപ്പന; പ്രതി പിടിയിൽ

തൃശൂർ : പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യം വിൽപ്പന. കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (52 വയസ്സ് ) എന്നയാളെ 40 ലിറ്റർ ജവാൻ മദ്യവും കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി.യു വും പാർട്ടിയും ചേർന്ന് പിടികൂടി.
അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി വന്നിരുന്ന രമേഷ് സ്ഥിരമായി ജവാൻ മദ്യമാണ് വിൽപ്പന നടത്തി വന്നിരുന്നത്. ആയതിനാൽ പുളിയിലപ്പാറ മേഖലകളിൽ ജവാൻ രമേഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത് .
1500 രൂപ മുതൽ 2000 രൂപക്ക് വരെ വളരെ കൂടിയ വിലക്കാണ് ആദിവാസി ഉന്നതികളിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നത്. ഇത്തരത്തിൽ മദ്യത്തിന് അടിമകളായി മാറിയ ആദിവാസി സമൂഹം കടുത്ത മദ്യപാനാസക്തിക്കും അതുവഴി വൻ കടബാധ്യതയിലും ചെന്ന് വീഴുന്ന സാഹചര്യം നിലവിലുണ്ട്. പിടിയിലായ രമേഷ് ഉൾപ്പെടെ വൻ വ്യാജമദ്യ ലോബി ആദിവാസി മേഖല കേന്ദീകരിച്ച് ഈ മേഖലയിലേക്ക് ഉദ്യോഗസ്ഥർക്ക് എത്തി ചേരുന്നതിനുള്ള ദൂര കൂടുതൽ മൂലമുള്ള പ്രയാസം മുതലെടുത്ത് വ്യാജമദ്യ വിൽപ്പന നടത്തി വരികയായിരുന്നു. മലയോര മേഖലയിലെ കടകളിലേക്ക് ചാലക്കുടി മാർക്കറ്റിൽ നിന്നും പലചരക്ക് സാധനങ്ങൾ കടത്തി കൊണ്ടു പോകുകയാണെന്ന വ്യജേന യാണ് മദ്യം ചാക്കുകളിലാക്കി കടത്തി കൊണ്ടു വന്നിരുന്നത്.
എ ഇ ഐ (G) ഷാജി പി പി, ജെയ്സൻ ജോസ്, ജോഷി സി എ, WCEO പിങ്കി മോഹൻദാസ് , സി ഇ ഒ രാകേഷ് ടി ആർ, മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ആദിവാസി മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംങ്ങ് വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.