ഓക്‌സിജൻ സിലിണ്ടർ പ്ലാന്‍റിൽ വന്‍ സ്ഫോടനം; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ചണ്ഡിഗഢ്:മൊഹാലി ജില്ലയിൽ ഓക്‌സിജൻ സിലിണ്ടർ പ്ലാൻ്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സ്‌ഫോടനം.
അപകടത്തിൽ 25 വയസുകാരായ ആസിഫ് ഖാൻ, ദേവേന്ദ്ര കുമാർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്പാല നിവാസികളാണ് ഇരുവരും. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
കമ്പനിയിൽ ഉണ്ടായ സ്‌ഫോടനത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെന്ന് മൊഹാലി എസ്എസ്‌പി ഹർമൻദീപ് സിങ് ഹാൻസ് പറഞ്ഞു. സംഭവവമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൊഹാലി ഡെപ്യൂട്ടി മേയർ കുൽജിത് ബേദിയും എസ്‌ഡിഎം ദമൻപ്രീത് കൗറും സ്ഥലത്തെത്തി.അപകടത്തില്‍ സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് സിറ്റി എസ്‌പി സിരിവനെല്ലയും പറഞ്ഞു. ഡോ. സതീന്ദർ കൗർ സച്ച്ദേവ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയിലാണ് അപകടം നടന്നത്. മൂന്ന് വർഷം മുമ്പ് ഇത്തരമൊരു സംഭവത്തിൽ തൻ്റെ മകനെയും തനിക്ക് നഷ്‌ടപ്പെട്ടതായി ഇയാള്‍ പ്രതികരിച്ചു. മരിച്ചവരുടെ കുടംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ തനിക്ക് മനസിലാകുന്നതാണെന്നും താൻ അവരോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.സിലിണ്ടർ പൊട്ടിത്തെറിക്കുമ്പോൾ ഇരുപതോളം ആളുകൾ ഇവിടെ പണിചെയ്യുകയായിരുന്നു എന്ന് തൊഴിലാളിയായ രാംരാജ് പറയുന്നു. അതേസമയം അപകടം നടന്ന് രണ്ടര മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസ് വന്നതെന്ന് പരിക്കേറ്റ ആളിലൊരാളായ ചന്നോയുടെ ഭാര്യ ആരോപിച്ചു. അപകടത്തിൽപെട്ട ഒരാൾക്ക് അല്‌പസമയം ജീവനുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
അപകടത്തിന് ശേഷം എല്ലാ സിലിണ്ടറുകളും നീക്കം ചെയ്‌തു. സ്ഫോടനം നടന്ന ഫാക്‌ടറി ഹൈടെക് വ്യവസായത്തിൻ്റെ പേരിലാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ഈ ഫാക്‌ടറി വളരെ പഴക്കം ചെന്നതാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിലുപരി ട്രൈസിറ്റിയിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്കും ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതും ഇവിടെനിന്നാണ്.