മാസപ്പടി കേസ്; എട്ട് പേർക്ക് SFIO നൽകിയ സമൻസ് സ്റ്റേചെയ്യാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി

0

ന്യൂഡൽഹി : മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന്റെ മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് പേർക്ക് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. കേസിൽ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സി.എം.ആർ.എൽ ഡയറക്ടർമാരായ രവിചന്ദ്രൻ രാജൻ, നബീൽ മാത്യു ചെറിയാൻ, അനിൽ ആനന്ദ പണിക്കർ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, ഐ.ടി വിഭാഗം മേധാവി എൻ.സി. ചന്ദ്രശേഖരൻ, വിരമിച്ച കാഷ്യർ കെ.എം. വാസുദേവൻ, ഓഡിറ്റർമാരായ മുരളീകൃഷ്ണൻ, സാഗേഷ് കുമാർ എന്നിവർക്കാണ് എസ്എഫ്‌ഐഒ സമൻസ് നൽകിയത്. ഈ മാസം 28, 29 തീയ്യതികളിൽ അന്വേഷണത്തിന് ചെന്നൈയിൽ ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.

എസ്എഫ്‌ഐഒ ഓഫീസിൽ ഹാജരായില്ലെങ്കിൽ കമ്പനി നിയമത്തിലെ 217 (8) പ്രകാരമുള്ള നടപടി ഉണ്ടാകുമെന്നും സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. 2013-ലെ കമ്പനി നിയമത്തിലെ 217-ാം വകുപ്പ് പ്രകാരമാണ് സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ടവർക്ക് സമൻസ് നൽകിയിരിക്കുന്നത്. ഈ സമൻസ് സ്റ്റേ ചെയ്യണമെന്നും ഭാരതീയ ന്യായ് സുരക്ഷാ സംഹിതയുടെ 528-ാം വകുപ്പ് പ്രകാരം എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നുമാണ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ സി.എം.ആർ.എൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മാസപ്പടി കേസിൽ എസ്എഫ്‌ഐഒയും ഇ.ഡിയും നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ സി.എം.ആർ.എൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി പരിഗണിച്ച വേളയിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ടെന്നാണ് സി.എം.ആർ.എൽ വാദം. അതിനാൽ സമൻസ് സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അന്തിമതീർപ്പ് ഉണ്ടാകുന്നതുവരെ നടപടികൾ പാടില്ലെന്നും സി.എം.ആർ.എൽ ആവശ്യപ്പെടുന്നു.

അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് ഷോൺ ജോർജിന്റെ മാർ​ഗനിർദേശത്തിൽ- സി.എം.ആർ.എൽ

മാസപ്പടി കേസിൽ ഷോൺ ജോർജിന്റെ മാർ​ഗനിർദേശത്തിലാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് സി.എം.ആർ.എൽ. കമ്പനി ഡയറക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ലഭിച്ച സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽചെയ്ത ഹർജിയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അനാവശ്യമായ പ്രാധാന്യമാണ് ഷോൺ ജോർജിന്റെ വാക്കുകൾക്ക് നൽകുന്നത്. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സെറ്റിൽമെന്‍റ് നടപടികളിലെ രഹസ്യരേഖകൾ കരസ്ഥമാക്കിയ ഷോൺ ജോർജിനെതിരേ ഒരു നടപടിയും ആദായനികുതി വകുപ്പ് സ്വീകരിക്കുന്നില്ലെന്നും സി.എം.ആർ.എൽ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *