വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

0
samakalikamalayalam 2025 06 07 1ppf3ogr Lady Arrested for marriage fraud case in thiruvananthapuram

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തിൽ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.

വിവാഹ പരസ്യങ്ങൾ നൽകുന്ന ​ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29 നാണ് കോൾ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്മയുടെ നമ്പർ ഇദ്ദേഹത്തിന് കൈമാറുകയും തുടർന്ന് ഇവർ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.

വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *