മൂന്ന് ദിവസത്തെ വിപണി തകർച്ചയിൽ 22 ലക്ഷം കോടി നഷ്ടം
കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. 82,129 പോയിന്‍റ് എന്ന റെക്കോര്‍ഡില്‍ നിന്നും നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി സെന്‍സെക്സില്‍ കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങള്‍ കൊണ്ട് ഉണ്ടായ നഷ്ടം 3,274 പോയിന്‍റ്. മൂന്ന് ദിവസം കൊണ്ട് 22 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം എന്നറിയുമ്പോഴേ തകര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കാനാകൂ. തിങ്കളാഴ്ച മാത്രം സെന്‍സെക്സില്‍ 2,222 പോയിന്‍റിന്‍റെ ഇടിവാണ് ഉണ്ടായത്. ഏതാണ്ട് രണ്ട് ശതമാനമാണ് നഷ്ടം. ഇന്നലെ നഷ്ടം തിരിച്ചു പിടിക്കുകയാണെന്ന സൂചനയുയര്‍ത്തി സെന്‍സെക്സ് 1,092 പോയിന്‍റ് ഉയര്‍ന്നെങ്കിലും 166 പോയിന്‍റ് നഷ്ടത്തിലായിരുന്നു ക്ലോസിംഗ്.
തകര്‍ച്ചയുടെ കാരണങ്ങള്‍
ജപ്പാനടക്കമുള്ള വിപണികളിലെ കനത്ത തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളുടെ നഷ്ടത്തിന് ആക്കം കൂട്ടിയത്. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉല്‍പാദന വളര്‍ച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയര്‍ത്താന്‍ കാരണമായി
വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കൈവിടുന്നു
തിങ്കളാഴ്ച മാത്രം 10,074 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. കഴിഞ്ഞ ജൂണ്‍ നാലിന് ശേഷമുള്ള ഏറ്റവും വലിയ വിറ്റഴിക്കലാണിത്. രണ്ട് ദിവസം കൊണ്ട് ആകെ 13,400 കോടി രൂപയുടെ നിക്ഷേപം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു. വെള്ളിയാഴ്ച മാത്രം മൂവായിരം കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റെഴിച്ചു.